തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് യഥാസമയം ലഭ്യമാകുന്നതിന് അപേക്ഷകൾ നൽകാൻ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും ബ്ലോക്ക് അടിസ്ഥാനത്തിൽ ബോക്സുകൾ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ ജി ഒ അസോസിയേഷൻ നോർത്ത് ജില്ലാ പ്രസിഡൻറ് ആര്യനാട് പ്രശാന്ത് കുമാർ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പും നടക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്ക് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാരുടെ ഓഫീസുകൾ കണ്ടെത്തി പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
സമയബന്ധിതമായി അപേക്ഷ നൽകിയില്ലെങ്കിൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടാകും.
ഇത് ഒഴിവാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടി ഉള്ള ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യുന്നതിനായി ഫെസിലിറ്റേഷൻ സെൻററുകൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിന് ആ സംവിധാനം ഒരുക്കാത്തതാണ് ജീവനക്കാർക്ക് തിരിച്ചടിയായത്.
ഫെസിലിറ്റേഷൻ സെൻറർ ആരംഭിക്കുന്നതിനായി ചീഫ് ഇലക്ഷൻ ഓഫീസർക്ക് അപേക്ഷ നൽകിയെങ്കിലും അതിൽ തീരുമാനം എടുത്തിട്ടില്ല
ജനാധിപത്യ പ്രക്രിയയിൽ വോട്ട് ചെയ്യാനുള്ള അവകാശം എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഉള്ളതാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്നവർക്ക് വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ അത് തെരഞ്ഞെടുപ്പിന്റെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യും.
പോസ്റ്റൽ ബാലറ്റുകൾ പ്രിൻറ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായാണ് അറിയുന്നത്.
അതിനാൽ ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ബോക്സുകൾ സ്ഥാപിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയകൾ സുഗമമാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
