രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം ലഭിച്ചില്ല. മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.
രണ്ട് ദിവസമായി സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ വാദം പൂർത്തിയാക്കിയ ശേഷമാണ് ഇന്നു വിധി പറഞ്ഞത്
പൊലീസിന്റെ റിപ്പോർട്ടില്‍ രാഹുലിനെതിരെ ഗുരുതര പരാമർശമാണുള്ളതെന്നാണ് വിവരം. രാഹുല്‍ ഭീഷണിപ്പെടുത്തുന്ന ഓഡിയോയും ചാറ്റുകളുമെല്ലാം കോടതിയില്‍ ഹാജരാക്കി. ജാമ്യം അനുവദിക്കുന്ന പക്ഷം പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാദ്ധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
എന്നാല്‍, യുവതിയുടെ പരാതി വ്യാജമാണെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗികബന്ധം. കേസിന് പിന്നില്‍ ബിജെപി – സിപിഎം ഗൂഢാലോചനയാണ്. രാഹുലിന്റെ രാഷ്ട്രീയ ഭാവി തകർക്കാൻ ശ്രമിക്കുന്നു. സ്വർണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോള്‍ കേസ് വന്നതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അറസ്റ്റിനുള്ള നീക്കം നടത്തിയതിന് പിന്നാലെയായിരുന്നു മുൻകൂർ ജാമ്യഹർജിയുമായി കോടതിയെ സമീപിച്ചത്.
പരാതിക്കാരിയുമായി തനിക്ക് ദീർഘകാലമായി സൗഹൃദമുണ്ടെന്നും പക്ഷേ യുവതി പറയുന്നതുപോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നായിരുന്നു രാഹുലിന്റെ ഹർജിയിലെ പ്രധാന വാദം. അന്വേഷണമായി സഹകരിക്കുമെന്നും ഹർജിയില്‍ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. വിവാഹ വാഗ്ദാനം നല്കി പീഡനം, നിർബന്ധിത ഗർഭഛിദ്രം തുടങ്ങി ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയത്. ഇതുപ്രകാരം പത്ത് വർഷം മുതല്‍ ജീവപര്യന്തം തടവ് ശിക്ഷവരെ ലഭിക്കാം. കേസെടുത്തതിന് പിന്നാലെ രാഹുല്‍ ഒളിവില്‍ പോയിരുന്നു.
കഴിഞ്ഞ ദിവസം രാഹുലിനെതിരെ ലൈംഗിക പീഡനം ആരോപിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു. കെ പി സി സിക്കാണ് യുവതി പരാതി നല്‍കിയത്. പരാതി പാർട്ടി പൊലീസിന് കൈമാറി കേസ് ഫയൽ ചെയ്തു.
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി
പീഡനക്കേസിൽ കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി കെപിസിസി അധ്യക്ഷൻ അറിയിച്ചത്.
നിലവിൽ സസ്പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍പ്പോയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിലെത്തിച്ച ഡ്രൈവർ കസ്റ്റഡിയില്‍
മലയാളിയായ ഇയാള്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കർണാടകയിലാണ് താമസം. അവിടെ ഉന്നത രാഷ്ട്രീയ ബന്ധമുള്ള റിയല്‍ എസ്റ്റേറ്റുകാരന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ്.
ഇന്നലെയാണ് ഡ്രൈവർ പിടിയിലായത്. ഇയാള്‍ പറഞ്ഞതനുസരിച്ച് നഗരത്തില്‍ നിന്ന് മാറി ഒരു രഹസ്യ കേന്ദ്രത്തിലേക്ക് അന്വേഷണ സംഘം എത്തിയെങ്കിലും അവിടെ രാഹുലിനെ കണ്ടെത്താനായില്ല. ഇന്നലെ നാല് സ്ഥലങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തി. വാഹനങ്ങളും ഒളിത്താവളങ്ങളും രാഹുല്‍ മാറ്റുകയാണ്. ചില വ്യക്തികളുടെ സഹായം രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിക്കുന്നുണ്ടെന്നാണ് നിഗമനം. ഈ ഡ്രൈവർക്ക് രാഹുലുമായി ബന്ധമില്ലെന്നും ഇയാളെ കൂടുതല്‍ ചോദ്യംചെയ്യുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു.
