തിരുവനന്തപുരം: ചെറിയ പ്രായത്തിൽ തന്നെ ആയിരം പുസ്തകങ്ങൾ വായിച്ച് റെക്കോർഡിട്ട വരദയെന്ന കുട്ടിയ്ക്ക് നൽകിയ ഉറപ്പ് നിറവേറ്റി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയും വിളവൂർക്കൽ ജി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ വരദയ്ക്ക് പുസ്തകങ്ങൾ എത്തിച്ച് നൽകിയാണ് എം.എ യൂസഫലി ക്രിസ്തുമസ് സമ്മാനം ഒരുക്കിയത്. കൊച്ചിയിലെ ഒരു പൊതുപരിപാടിയിൽ എം.എ യൂസഫലി എത്തിയപ്പോഴായിരുന്നു, തന്റെ ലൈബ്രറിയിലേക്ക് പുസ്കതങ്ങൾ വേണമെന്ന ആഗ്രഹം വരദ ലുലുഗ്രൂപ്പ് ചെയർമാനോട് പങ്കുവച്ചത്.
വരദ എഴുതിയ ആദ്യ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പ്രകാശനം ചെയ്തത്. തന്റെ അടുത്ത പുസ്തകം എം എ യൂസഫലി പ്രകാശനം ചെയ്യണമെന്ന ആഗ്രഹവും വരദ അദ്ദേഹത്തോട് പങ്കുവെച്ചിരുന്നു. കൊച്ചു മിടുക്കിയുടെ ഈ ആഗ്രഹം സാധിച്ച് നൽകുമെന്ന് യൂസഫലി ഉറപ്പും നൽകി. പിന്നാലെയാണ് വരദയുടെ ലൈബ്രറിയിലേക്ക് യൂസഫലിയുടെ ക്രിസ്മസ് സമ്മാനമെന്നോണം, പുസ്തകങ്ങളുമായി ലുലു ഗ്രൂപ്പ് പ്രതിനിധികൾ എത്തിയത്. ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജും ലുലുഗ്രൂപ്പ് പ്രതിനിധി നൗഫൽ കരീമും ചേർന്ന് മലയിൻകീഴിലെ വരദയുടെ വീട്ടിലെത്തിയാണ് പുസ്തകങ്ങൾ കൈമാറിയത്.
പ്രതീക്ഷിച്ചതിൽ കൂടുതൽ പുസ്തകങ്ങൾ ലഭിച്ച സന്തോഷത്തിലാണ് വരദ. തന്റെ പുതിയ പുസ്തകം നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും ഇതിനായി ലുലുഗ്രൂപ്പ് ചെയർമാനെ ക്ഷണിക്കുമെന്നും വരദ പറഞ്ഞു.
