രജിസ്ട്രേഷൻ വകുപ്പ് ദിനാചരണം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗം
കേരള സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന്റെ ദിനാചരണവും മികച്ച ഓഫീസുകൾക്കുള്ള പുരസ്കാര വിതരണവുമാണ് ഇന്നിവിടെ നടക്കുന്നത്. കേരളത്തിലെ ആദ്യ രജിസ്ട്രേഷൻ ഓഫീസായ അഞ്ചരക്കണ്ടിയിൽ വെച്ചുതന്നെ ഈ ചടങ്ങ് സംഘടിപ്പിക്കുന്നു എന്നത് ഈ ദിനാചരണത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുണ്ട്.
നമ്മുടെ സംസ്ഥാനത്തിന്റെ വികസന പ്രക്രിയയിൽ വളരെ നിർണ്ണായകമായ പങ്കു വഹിച്ചുപോരുന്ന ഒന്നാണ് രജിസ്ട്രേഷൻ വകുപ്പ്. സർക്കാരിന്റെ പ്രധാന വരുമാനസ്രോതസ്സ് എന്നതിലുപരി, ജനങ്ങളുടെ സ്വത്തവകാശവും നിയമപരമായ സുരക്ഷയും ഉറപ്പാക്കുന്നതിൽ ശ്ലാഘനീയമായ പങ്ക് വഹിക്കുക കൂടി ചെയ്യുന്ന വകുപ്പ്.
ഈ വകുപ്പിന്റെ ചരിത്രത്തെകുറിച്ച് പറഞ്ഞാൽ ഏഷ്യയിലെ ഏറ്റവും വലിയ കറുവപ്പട്ട തോട്ടമായിരുന്ന ‘ബ്രൗൺസ് പ്ലാന്റേഷൻ’ സ്ഥിതി ചെയ്തിരുന്നത് അഞ്ചരക്കണ്ടിയിലാണ്. അന്ന് അവിടെയെത്തിയ മർഡോക്ക് ബ്രൗൺ പ്രഭു സൈന്യത്തിന്റെ സഹായത്തോടെ സമീപപ്രദേശങ്ങൾ പിടിച്ചടക്കുകയും, കഴിയുന്നത്ര ഭൂസ്വത്ത് സമ്പാദിക്കുകയും ചെയ്തു.
ഭൂമിയുടെ അതിർത്തി നിർണ്ണയിക്കാനും രേഖകൾ തയ്യാറാക്കാനുമായി അദ്ദേഹം തന്റെ ബംഗ്ലാവിൽ ഒരു ഓഫീസ് തന്നെ തുറന്നു. സ്വത്തുകളുടെ രേഖകൾ ഒപ്പിട്ട് സാക്ഷ്യപ്പെടുത്തി ഉടമസ്ഥർക്ക് കൈമാറുന്ന രീതിയാണ് നടന്നിരുന്നത്. എന്നാൽ തന്റെ അറിവില്ലാതെ ആ രേഖകളിൽ കൂട്ടിച്ചേർക്കലുകൾ വരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ട അദ്ദേഹം പിന്നീട് അസ്സൽ രേഖയുടെ ഒരു പകർപ്പ് തന്റെ ഓഫീസിൽ സൂക്ഷിക്കാനും പരിപാലിക്കാനും തുടങ്ങി.
1865 ഫെബ്രുവരി 1 ന്, ആദ്യത്തെ സർക്കാർ അംഗീകൃത സബ് രജിസ്ട്രാർ ഓഫീസ് മർഡോക്ക് ബ്രൗൺ പ്രഭുവിന്റെ ബംഗ്ലാവിൽ പ്രവർത്തനം ആരംഭിച്ചു. കാലക്രമേണ ബംഗ്ലാവിൽ പ്രവർത്തിക്കുന്ന ഓഫീസിൽ രജിസ്ട്രേഷനു വേണ്ടി വന്നവരുടെ തിരക്ക് കാരണം ഈ സ്ഥലം അദ്ദേഹം സർക്കാരിന് നൽകി.
1876 ൽ അവിടെ ഒരു പുതിയ കെട്ടിടം നിലവിൽ വന്നു. ഇതാണ് കേരള സംസ്ഥാനത്തെ ആദ്യത്തെ സബ് രജിസ്ട്രി ഓഫീസായ അഞ്ചരക്കണ്ടി സബ് രജിസ്ട്രാർ ഓഫീസ്. നിർമ്മാണത്തിലെ വിസ്മയചാതുര്യമായ ഈ കെട്ടിടത്തിൽ തന്നെയാണ് ഇപ്പോഴും അഞ്ചരക്കണ്ടി സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചുവരുന്നത്. ഈ ഓഫീസിൽ ആദ്യ ആധാരം രജിസ്റ്റർ ചെയ്തത് 1867 ജനുവരി 4 നാണ്. അതുകൊണ്ടുതന്നെയാണ് എല്ലാ വർഷവും ജനുവരി 4 രജിസ്ട്രേഷൻ ദിനമായി ആചരിക്കുന്നത്.
പൊതുജനങ്ങളുമായി ഏറെ ബന്ധമുള്ള ഓഫീസുകളാണ് രജിസ്ട്രേഷൻ വകുപ്പിന്റേത്. അതുകൊണ്ടുതന്നെ അവ കാര്യക്ഷമമായും സുതാര്യമായും നിലനിർത്തുക എന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ സമീപനമാണ് സർക്കാരിനുള്ളത്. കഴിഞ്ഞ ദശാബ്ദക്കാലം പരിശോധിച്ചാൽ ആർക്കുമിത് ബോദ്ധ്യപ്പെടും. ‘അഴിമതിയില്ലാത്ത, സുതാര്യമായ, ജനസൗഹൃദ ഭരണസംവിധാനം’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ രജിസ്ട്രേഷൻ വകുപ്പ് ഒരു മാതൃകയാണ് സൃഷ്ടിച്ചിട്ടുള്ളത്.
നേരത്തെ ഉണ്ടായിരുന്ന സങ്കല്പങ്ങളെയെല്ലാം തിരുത്തിക്കുറിക്കാൻ സർക്കാരിനു സാധിച്ചു. മുമ്പ് സാധാരണക്കാർ തങ്ങളുടെ ആജീവനാന്ത സമ്പാദ്യം ഉപയോഗിച്ച് ഒരു തുണ്ട് ഭൂമി വാങ്ങുമ്പോൾ, അത് രജിസ്റ്റർ ചെയ്യാൻ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നതും ഇടനിലക്കാരുടെ ചൂഷണത്തിന് വിധേയരാകേണ്ടി വരുന്നതും പതിവായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥിതിയിലെല്ലാം മാറ്റം വന്നിരിക്കുന്നു.
അഴിമതിയുടെ ആ പഴയ വേരുകൾ വലിയൊരളവോളം തുടച്ചുനീക്കാൻ സർക്കാരിനു കഴിഞ്ഞു. ‘ഒരു തരത്തിലുള്ള അഴിമതിയും സർക്കാർ അംഗീകരിക്കില്ല’ എന്ന വ്യക്തമായ സന്ദേശം നൽകിയതിലൂടെ വകുപ്പിൽ സുതാര്യതയും വേഗതയും കാര്യക്ഷമതയും ഉറപ്പാക്കാൻ കഴിഞ്ഞു. ജനങ്ങളെ ദ്രോഹിച്ചുകൊണ്ട് പണമുണ്ടാക്കാൻ ആരെയും അനുവദിക്കില്ല എന്ന നിലപാട് തന്നെയാണ് നേരത്തെയും സ്വീകരിച്ചത്, ഇനിയും തുടരുകയും ചെയ്യുക എന്നറിയിക്കട്ടെ.
ഇന്ന് കേരളത്തിലെ സബ് രജിസ്ട്രാർ ഓഫീസുകൾ കൂടുതൽ ജനസൗഹൃദമായി മാറിയിരിക്കുന്നു. വസ്തു രജിസ്ട്രേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സർക്കാരിനു കഴിഞ്ഞു. ‘എനിവെയർ രജിസ്ട്രേഷൻ’ എന്ന സംവിധാനത്തിലൂടെ ഒരു ജില്ലയിലെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും ആധാരം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഇന്നുണ്ട്.
മുദ്രപ്പത്രങ്ങളുടെ ലഭ്യതക്കുറവും കരിഞ്ചന്തയും അവസാനിപ്പിക്കാൻ ഇ-സ്റ്റാമ്പിംഗ് സംവിധാനം ഏർപ്പെടുത്തി. ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ള ഇടപാടുകൾക്കും ഇ-സ്റ്റാമ്പിംഗ് നിർബന്ധമാക്കിയതോടെ വസ്തു രജിസ്ട്രേഷൻ നടപടികളിൽ സുതാര്യത വർദ്ധിച്ചു. ഇന്ന് പോക്കുവരവ് നടപടികൾപോലും റവന്യൂ വകുപ്പുമായി ഏകോപിപ്പിച്ച് ഓൺലൈനായി നടക്കുന്നു എന്നത് വലിയൊരു മുന്നേറ്റമാണ്.
ഇക്കാലയളവിൽ രജിസ്ട്രേഷൻ വകുപ്പിൽ ആധുനികവത്ക്കരണത്തിനും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. പഴയ കെട്ടിടങ്ങളിൽ നിന്നും ആധുനിക സൗകര്യങ്ങളുള്ള സ്മാർട്ട് ഓഫീസുകളിലേക്ക് രജിസ്ട്രേഷൻ വകുപ്പ് മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് അവാർഡ് സ്വീകരിക്കുന്ന ഓഫീസുകൾ ഇക്കാര്യത്തിൽ കാണിച്ച മികവ് അഭിനന്ദനാർഹമാണ്.
കേരളം രാജ്യത്തിനുതന്നെ മാതൃകയാകുന്ന നിരവധി പുരോഗമനപരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഘട്ടമാണിത്. രജിസ്ട്രേഷൻ വകുപ്പും ഇതിൽ പിന്നിലല്ല. ഭിന്നലിംഗക്കാർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും തുല്യനീതി ഉറപ്പാക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കുന്നുണ്ട്. വിവാഹ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ കൂടുതൽ ലളിതമാക്കി. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള നോട്ടീസുകൾ ഓൺലൈനിൽ ലഭ്യമാക്കിയതും അതിൽ സുതാര്യത ഉറപ്പാക്കിയതും ഈ സർക്കാരിന്റെ കാലത്താണ്.
ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് നാം അടുക്കുമ്പോൾ, ദരിദ്ര വിഭാഗങ്ങൾക്ക് ഭൂമി രജിസ്റ്റർ ചെയ്യുന്നതിനും വീട് വയ്ക്കുന്നതിനും ആവശ്യമായ സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകൾ നൽകി സർക്കാർ അവരെ ചേർത്തുപിടിച്ചു. ലൈഫ് മിഷൻ വഴി ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വീട് നൽകുമ്പോൾ, ആ ഉടമ്പടികളുടെ രജിസ്ട്രേഷൻ വേഗത്തിലും ആയാസരഹിതമായും പൂർത്തിയാക്കാൻ വകുപ്പ് ജീവനക്കാർ എടുത്ത അധ്വാനം മറക്കാനാവില്ല.
അതോടൊപ്പംതന്നെ നികുതിസമാഹരണത്തിലും നിങ്ങളുടെ ഇടപെടൽ കാര്യക്ഷമമായിരുന്നു. അതിന്റെ തെളിവാണ് ഈ വകുപ്പിന്റെ സാമ്പത്തിക വരുമാനത്തിൽ ഓരോ വർഷവും വരുന്ന വർദ്ധനവ്. നിങ്ങളുടെ സാമൂഹ്യപ്രതിബദ്ധതയിൽ ഊന്നിയ പ്രവർത്തനം ഏറ്റവും കൂടുതൽ ആവശ്യമായ ഘട്ടമാണിതെന്ന് പറയേണ്ടതില്ലല്ലോ.
ഇനിയുമേറെ പദ്ധതികൾ ഈ വകുപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കാനുണ്ട്. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂമി ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ സർക്കാർ ആലോചനയിലാണ്. വ്യാജ ആധാരങ്ങളും ഇരട്ട രജിസ്ട്രേഷനുകളും പൂർണ്ണമായും ഇല്ലാതാക്കാൻ ശാസ്ത്രീയമായ രീതികൾ അവലംബിക്കും. ജനങ്ങൾക്ക് ഓഫീസുകളിൽ വരാതെ തന്നെ പരമാവധി സേവനങ്ങൾ വീട്ടിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
മികച്ച സേവനം കാഴ്ചവെച്ച് ഇന്ന് അവാർഡുകൾക്ക് അർഹരായ എല്ലാ ഓഫീസുകളെയും ജീവനക്കാരെയും ഹാർദമായി അഭിനന്ദിക്കുന്നു. ഈ പുരസ്കാരം നിങ്ങളുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ജനങ്ങളോട് വിനയത്തോടെയും കാര്യക്ഷമതയോടെയും പെരുമാറുന്ന ഒരു സിവിൽ സർവീസ് സംസ്കാരമാണ് നാം ഉയർത്തിക്കൊണ്ടുവരുന്നത്.
കേരളത്തിന്റെ വികസന കുതിപ്പിന് കരുത്ത് പകരാൻ രജിസ്ട്രേഷൻ വകുപ്പിന് ഇനിയും സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.
