കേരളത്തിലെ പാൽ ഉത്പാദനം 10 ലക്ഷം ലിറ്ററിൽ അധികം വർധിച്ചതായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന ക്ഷീര സംഗമത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് ഒരുക്കിയ കേരള ഡയറി എക്സ്പോ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആഭ്യന്തര പാൽ ഉത്പാദനം വർധിച്ചുവരികയാണ്. കർഷകർ പലയിടങ്ങളിലും പാൽ നൽകിയശേഷമാണ് ബാക്കി മിൽമയിൽ എത്തിക്കുന്നത്. കൃത്യതയില്ലായ്മ പരിഹരിക്കുന്നതിനായി ഉത്പാദനത്തിലെ യഥാർത്ഥ വർധനവ് കണക്കാക്കുന്നതിന് സർവേ ആരംഭിച്ചതായി അറിയിച്ചു. ഓരോ ക്ഷീരകർഷകനും ഉത്പാദിപ്പിക്കുന്ന പാലിന്റെ അളവ് ഇതുവഴി വ്യക്തമാകും.
സംസ്ഥാനത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി പശുക്കൾ വിതരണം ചെയ്യുന്നതിനായി ഓരോ പശു യൂണിറ്റിനും ഒരു ലക്ഷം രൂപ വരെ സബ്സിഡി അനുവദിച്ചു. തോട്ടം, ഫിഷറീസ് മേഖലകളിലെ തൊഴിലാളികൾക്ക് താൽക്കാലിക തൊഴിൽ പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രത്യേക ക്ഷീരോത്പാദന പദ്ധതികൾ നടപ്പിലാക്കിയതായും മന്ത്രി വ്യക്തമാക്കി.
മിൽമയുടെ ലാഭത്തിൽ 85 ശതമാനവും ക്ഷീര കർഷകർക്കാണ് നൽകുന്നത്. കൂടുതൽ പാൽ മിൽമയിൽ എത്തിച്ച് ക്ഷീര കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. അമിത ചൂടേറ്റും ചർമരോഗം ബാധിച്ച് മരണപ്പെട്ട പശുക്കൾക്ക് നഷ്ടപരിഹാരമായി 35600 രൂപ വീതം അനുവദിച്ചു. ഇൻഷുറൻസ് ഇല്ലാത്തവർക്ക് ഉൾപ്പെടെ ആനൂകൂല്യം നൽകി. പാലിന്റെ ഉൽപാദനക്ഷമതയിൽ കേരളം രണ്ടാം സ്ഥാനത്താണ്. സംസ്ഥാനത്ത് ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മൊബൈൽ വെറ്ററിനറി യൂണിറ്റ് സജ്ജമാക്കി. രാത്രികാലങ്ങളിലെ അടിയന്തര സമയങ്ങളിലും ഡോക്ടർ ഉൾപ്പെടെയുള്ളവരുടെ സേവനം ലഭ്യമാകുന്നു. ബാക്കി ഉള്ള ബ്ലോക്കുകളിൽ യൂണിറ്റ് തുടങ്ങുന്നതിനുള്ള ടെൻഡർ നടപടി പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു.
ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ബിന്ദു, രശ്മി രഞ്ജിത്ത്, ഇളംകുളം നടയ്ക്കൽ ക്ഷീരസംഘം പ്രസിഡന്റ് സുധാകരക്കുറുപ്പ്, എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ചെയർപേഴ്സൺ സി. എൻ. വത്സലൻ പിള്ള, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ആർ രശ്മി, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ക്ഷീരസംഘം പ്രസിഡന്റുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.
