Fishing boat in sea thailand
തിരുവനന്തപുരം : മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്തിട്ടില്ലാത്തതിനാൽ മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടയിൽ മരിച്ച 39 മത്സ്യത്തൊഴിലാളികളിൽ 14 പേരുടെ കുടുംബങ്ങൾക്ക് ആനുകൂല്യം അനുവദിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ബോർഡിൽ അംഗത്വമെടുക്കാൻ എല്ലാ മത്സ്യത്തൊഴിലാളികൾക്കും ബോധവത്ക്കരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഫിഷറീസ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
10 ലക്ഷം രൂപയാണ് മരണാനന്തര ധനസഹായമായി നൽകി വരുന്നത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
മരണാനന്തര ആനുകൂല്യങ്ങൾക്കായി രേഖകൾ സമർപ്പിക്കാത്തവരുടെയും യഥാസമയം അപേക്ഷ നൽകാത്തവരുടെയും ആശ്രിതർക്ക് ആനുകൂല്യം നൽകുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകാനുണ്ടെങ്കിൽ ബന്ധപ്പെട്ട തഹസിൽദാർമാർ ഉടനെ നടപടിയെടുക്കണമെന്നും കമ്മീഷൻ ഫിഷറീസ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. കമ്മീഷൻ ഉത്തരവ് എല്ലാ തഹസിൽദാർമാർക്കും ഫിഷറീസ് ഡയറക്ടർ അയച്ചു കൊടുക്കണം.
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി തെക്കേ പുലിമുട്ടിന്റെ നീളം കൂട്ടുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കായി പി.എം.എം.എസ്.വൈ. പദ്ധതിയിൽ നിന്നും 177 കോടിയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായ സാഹചര്യത്തിൽ എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
മുതലപ്പൊഴിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കടൽ രക്ഷാ സ്ക്വാഡിന്റെ പ്രവർത്തനം വിപുലമാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. മുതലപ്പൊഴിയിൽ മണൽ മൂടിയതു കാരണം മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത 2433 മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം നൽകുന്നതിനായി ഫിഷറീസ് ഡയറക്ടർ സർക്കാരിന് നൽകിയ 7,94,83,677 രൂപയുടെ പ്രൊപ്പോസൽ ഉടൻ അനുവദിക്കണമെന്നും പ്രിൻസിപ്പൽ സെക്രട്ടറിക്ക് (ഫിഷറീസ്) കമ്മീഷൻ നിർദ്ദേശം നൽകി.
മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കുന്ന സംഭവത്തിൽ ശാശ്വതപരിഹാരം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ കവടിയാർ ഹരികുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
