തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര സിറ്റി ഗ്യാസ് വിതരണ കമ്പനിയായ തിങ്ക് ഗ്യാസ് കേരളത്തില്‍ പെട്രോളിയം പ്രകൃതിവാതക നിയന്ത്രണ ബോര്‍ഡിന്റെ (പിഎന്‍ജിആര്‍ബി) ദേശീയ പ്രചാരണ 2.0 പരിപാടി ആരംഭിച്ചു. സുരക്ഷിതവും ശുദ്ധവുമായ ഇന്ധനമായി പ്രകൃതിവാതകം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ കമ്പനിയുടെ പ്രതിജ്ഞാബദ്ധത ഉറപ്പിക്കുന്നതിന്റെ ഭാഗമായാണു പ്രചാരണം. ഇതിന്റെ ഭാഗമായി കംപ്രസ്ഡ് പ്രകൃതിവാതകം (സിഎന്‍ജി) ഉപയോഗത്തിന്റെ ഗുണങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ അന്‍പതിലേറെ ഓട്ടോറിക്ഷകള്‍ പങ്കെടുക്കുന്ന റാലി സംഘടിപ്പിച്ചു. തിങ്ക് ഗ്യാസിന്റെ ചാക്കയിലെ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച റാലിയുടെ ഭാഗമായി ഇതു വഴിയുള്ള യാത്രക്കാര്‍ക്കും പൗരന്മാര്ക്കും ബോധവല്‍ക്കരണം നടത്തി.
ഉയര്‍ന്ന കെട്ടിടങ്ങളിലെ പാര്‍പ്പിടകേന്ദ്രങ്ങളില്‍ പൈപ്പ് വഴി പ്രകൃതിവാതകം (ഡിപിഎന്ജി) എത്തിക്കുന്ന സംരംഭത്തിന്റെ ഉദ്ഘാടനം കോണ്‍ഫിഡന്റ് ഗോള്‍ കോസ്റ്റ് എന്ന കെട്ടിടത്തില്‍ ഇത്തരം സംവിധാനം ഘടിപ്പിച്ച് ഉദ്ഘാടനം ചെയ്തു. നഗരതാമസമേഖലകളില് സ്മാര്‍ട് ഇന്ധനം എത്തിക്കാനുള്ള അടിസ്ഥാനസൗകര്യം കമ്പനിക്ക് ഉണ്ടെന്നു വ്യക്തമാക്കുന്നതിനു കൂടിയാണ് ഈ നടപടി.
പിഎന്‍ജിആര്‍ബി ദേശീയ പ്രചാരണ 2.0 പരിപാടിയുടെ ഭാഗമായി ഈ മേഖലയിലെ 75,000 ഉപയോക്താക്കള്‍ക്ക് പൈപ്പ് വഴി പ്രകൃതിവാതകം എത്തിക്കുന്ന വിതരണ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. 55,444 വീടുകള്‍, 47 സിഎന്‍ജി സ്റ്റേഷനുകള്‍, 1507 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പൈപ്പ്ലൈന് ശൃംഖല എന്നിവ ഈ വിതരണ സംവിധാനത്തിന്റെ ഭാഗമാണ്. ഇതില്‍ 90 കിലോമീറ്റര്‍ ഭാഗത്ത് സ്റ്റീല്‍ പൈപ്പുകള്‍ ഉപയോഗിച്ചിട്ടുള്ളതിനാല്‍ സുരക്ഷിതവും തടസ്സങ്ങളില്ലാതെയുമുള്ള പ്രകൃതിവാതക വിതരണം വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ലഭിക്കും.
സംരംഭത്തിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു.
സിഎന്‍ജി, പിഎന്‍ജി എന്നീ ബദല്‍ ഇന്ധനങ്ങളിലേക്കുള്ള മാറ്റം കേരളത്തില്‍ സുസ്ഥിര വികസനത്തിനും പൊതുജനാരോഗ്യത്തിനും ആവശ്യമാണെന്ന് എംഎല്‍എ പറഞ്ഞു. ഈ ദേശീയ പ്രചാരണ പരിപാടി കുറഞ്ഞ അളവില്‍ മാലിന്യം പുറംതള്ളുന്ന ഊര്‍ജസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം താഴെത്തട്ടില്‍ ബോധവല്‍ക്കരണത്തിനും സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷിതവും പരിസ്ഥിതയോട് ഉത്തരവാദിത്തവുമുള്ള ഊര്ജമാര്ഗങ്ങളിലേക്കു മാറുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഈ നടപടികള്‍ക്ക് തിങ്ക് ഗ്യാസിനെയും പിഎന്ജിആര്ബിയെയും അദ്ദേഹം അഭിനന്ദിച്ചു.
പിഎന്‍ജിആര്‍ബിയുടെ ദേശീയ പ്രചാരണ 2.0 പരിപാടി അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ണമാക്കി കൊണ്ട് പിഎന്‍ജി, സിഎന്‍ജി ഉപയോഗം കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപകമാക്കാനും ഉപയോക്താക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണം വര്‍ധിപ്പിക്കാനും വേണ്ടിയാണെന്ന് പിഎന്‍ജിആര്‍ബി ഡപ്യൂട്ടി ഡയറക്ടര്‍ (ടെക്നിക്കല്‍) ഗഗന് അഗവര്‍വാള്‍ അഭിപ്രായപ്പെട്ടു. നിയന്ത്രണ ഏജന്‍സികളും പദ്ധതികള്‍ പ്രവര്‍ത്തനസജ്ജമാക്കുന്ന സംരംഭകരും പ്രാദേശിക അധികാരികളും തമ്മിലുള്ള ഏകോപിത പരിശ്രമം പ്രകൃതിവാതകത്തിലേക്ക് മാറാന്‍ എങ്ങനെ സഹായകമാകുമെന്ന് തിരുവനന്തപുരത്തെ പുരോഗതി വ്യക്തമാക്കുന്നതായും ഗഗന് അഗര്‍വാള്‍ പറഞ്ഞു.
സിഎന്‍ജി, പിഎന്‍ബി വിതരണത്തിലേക്കു മാറാന്‍ പ്രേരിപ്പിക്കുന്നതിന് അടിസ്ഥാനസൗകര്യം ഒരുക്കാനുള്ള സന്നദ്ധത അറിയിക്കുകയാണു.
പിഎന്‍ജിആര്‍ബി ദേശീയ പ്രചാരണ 2.0 പരിപാടിയുടെ ലക്ഷ്യമെന്ന് തിങ്ക് ഗ്യാസിന്റെ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ ഉള്‍പ്പെടുന്ന റീജനല്‍ മേധാവിയായ ദീപു ജോണ്‍ വ്യക്തമാക്കി. വീടുകളില്‍ തുടങ്ങി വാഹനങ്ങളില്‍ വരെ സുരക്ഷിതവും താങ്ങാവുന്നതും മാലിന്യം കുറഞ്ഞതുമായ ഇന്ധനങ്ങള്‍ നല്‍കാനും കേരളത്തിന്റെ ദീര്‍ഘകാല സുസ്ഥിര ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും തിങ്ക് ഗ്യാസ് പ്രതിജ്ഞാബദ്ധമാണെന്നും ദീപു ജോണ്‍ പറഞ്ഞു.
നിലവില്‍ പൈപ്പ് വഴി പ്രകൃതിവാതകം എത്തിക്കാന്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള പ്രദേശങ്ങളില്‍ പിഎന്‍ജിയും സിഎന്‍ജിയും ഉപയോഗത്തിലേക്കു വേഗത്തില്‍ മാറാന്‍ പ്രേരിപ്പിക്കാനുള്ള രാജ്യവ്യാപകമായ പരിപാടിയാണ് പിഎന്‍ജിആര്‍ബി പ്രചാരണം 2.0. ഉപയോക്താക്കളില്‍ ബോധവല്‍ക്കരണം വര്‍ധിപ്പിക്കുക, വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഗതാഗതമേഖലയിലും ഇത്തരം ഇന്ധനങ്ങളിലേക്കുള്ള മാറ്റത്തിന്റെ തോത് കൂട്ടുക, സുരക്ഷയും പ്രവര്‍ത്തനവും സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുക, രാജ്യത്ത് വൃത്തിയുള്ളതും മാലിന്യം പുറംതള്ളുന്നത് കുറവവുമായ ഇന്ധന ഉപയോഗം വ്യാപിപ്പിക്കുന്ന ദൗത്യത്തെ പിന്തുണയ്ക്കുക എന്നിവയ്ക്കാണ് പ്രചാരണ പരിപാടിയില്‍ ഊന്നല്‍ നല്‍കുന്നത്.
പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു. പിഎന്‍ജിആര്‍ബി ഡപ്യൂട്ടി ഡയറക്ടര്‍ (ടെക്നിക്കല്‍) ഗഗന് അഗര്‍വാള്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഡയറക്ടറും നാഷനല്‍ സേഫ്റ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ (കേരള ചാപ്റ്റര്‍) ചെയര്‍മാനുമായ പി.പ്രമോദ്, പിഎന്‍ജിആര്‍ബി അസി. കണ്‍സള്‍ട്ടന്റ് (ടെക്നിക്കല്‍) അഭിഷേക് തിവാരി, അണമുഖം വാര്‍ഡ് കൗണ്‍സിലര്‍ ആര്.വീണാകുമാരി, സിജിസിആര്എ പ്രസിഡന്റ് ജി.കേശവചന്ദ്രന് നായര്‍, തിങ്ക് ഗ്യാസ് റീജനല്‍ മേധാവി ദീപു ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യയിലെ സിറ്റി ഗ്യാസ് വിതരണ (സിജിഡി) ബിസിനസ് രംഗത്തെ പ്രധാനപ്പെട്ട ബ്രാന്‍ഡാണ് മുന്‍പ് എജി ആന്‍ഡ് പി പ്രഥം എന്ന് അറിയിപ്പെട്ടിരുന്ന തിങ്ക് ഗ്യാസ്. പെട്രോളിയവും പ്രകൃതിവാതകവും മന്ത്രാലയത്തിനു കീഴിലെ പെട്രോളിയം പ്രകൃതിവാതകം നിയന്ത്രണ ബോര്‍ഡ് (പിഎന്‍ജിആര്‍ബി), സിറ്റി ഗ്യാസ് വിതരണത്തിനുള്ള അടിസ്ഥാനസൗകര്യം ഒരുക്കാന്‍ 10 സംസ്ഥാനങ്ങളിലെ 49 ജില്ലകളില്‍ തിങ്ക് ഗ്യാസിന് മാത്രമാണ് അനുവാദം നല്‍കിയിട്ടുള്ളത്.
ആന്ധ്രപദേശ്, ബീഹാര്‍, കേരള, കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍. വാഹനങ്ങളില്‍ സിഎന്‍ജിയും വീടുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയ്ക്ക് പൈപ്പ് വഴി പ്രകൃതിവാതകവും (പിഎന്‍ജി) എത്തിക്കുന്ന സിഡിജി ശൃംഖലയാണ് കമ്പനിക്കുള്ളത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം 24,000 ഇഞ്ച്- കിലോമീറ്റര്‍ എന്ന അനുപാതത്തില്‍ സ്റ്റീല്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച്, രണ്ടായിരത്തിലേറെ സിഎന്‍ജി സ്റ്റേഷനുകള്‍ വഴി 3,24,000 ചതുരശ്ര കിലോമീറ്ററിലായി 100 ദശലക്ഷം ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ശൃംഖലയായി പിന്നീട് വികസിപ്പിക്കും.
സിജിഡി ബിസിനസ് ഗ്രീന്‍ഫീല്‍ഡില്‍ രാജ്യത്ത് ഏറ്റവും അധികം നേരിട്ടുള്ള വിദേശ നിക്ഷേപം ഉള്ള കമ്പനിയാണ് തിങ്ക് ഗ്യാസ്. ഐ സ്ക്വയേര്‍ഡ് ക്യാപിറ്റില്‍, ജാപ്പനീസ് കണ്‍സോര്‍ഷ്യമായ ഒസാക ഗ്യാസ്, ജെഒഐഎന്, സുമിതോമ കോര്പറേഷന്, കൊനോകേ ട്രാന്‍സ്പോര്‍ട്ട് എന്നിവയാണ് കമ്പനിയുടെ മാര്ക്വേ നിക്ഷേപകര്‍. സുരക്ഷ, ഇഎസ്ജി, മാര്‍ക്കറ്റിങ്, സിആര്‍എം, സംഭരണം, സുസ്ഥിരത, റിസ്ക് മാനേജ്മെന്റ് തുടങ്ങിയ ബിസിനസ് രീതികളിലെ സംഭാവനകള്‍ മാനിച്ച വിവിധ വ്യവസായ കൂട്ടായ്മകള്‍ തിങ്ക് ഗ്യാസിനെ അംഗീകരിച്ചിട്ടുണ്ട്.
