എക്സൈസ് സേനയിൽ പുതുതായി 134 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
42 സിവിൽ എക്സൈസ് ഓഫീസർമാർ, 36 സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ, 34 അസി. എക്സൈസ് ഇൻസ്പെക്ടർ, 12 വനിതാ സിവിൽ എക്സൈസ് ഓഫീസർ, 4 എക്സൈസ് ഇൻസ്പെക്ടർ, 2 എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ. 4 അസി. എക്സൈസ് കമ്മീഷണർ എന്നീ പോസ്റ്റുകളാണ് പുതുതായി സൃഷ്ടിക്കുന്നത്.
തൊഴിൽ കാത്തുനിൽക്കുന്ന യുവതയോട് സർക്കാരിനുള്ള പ്രതിബദ്ധതയുടെ തെളിവാണ് പുതിയ തസ്തികകളുൾപ്പെടെ സൃഷ്ടിച്ച് നിയമനം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രതീക്ഷിത ഒഴിവുകളുൾപ്പെടെ റിപ്പോർട്ട് ചെയ്ത് റാങ്ക് ലിസ്റ്റുകളിൽ നിന്ന് പരമാവധി നിയമം നടത്താൻ ഇപ്പോൾ തന്നെ എക്സൈസ് സേന ശ്രദ്ധിക്കുന്നുണ്ട്. ഇതിന് പുറമേയാണ് പുതിയ തസ്തികകൾ സൃഷ്ടിച്ചുകൊണ്ടുള്ള ഇടപെടലുകൾ. കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഉപരോധസമാനമായ നടപടികൾ മൂലമുള്ള സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും കൂടുതൽ യുവാക്കൾക്ക് സർക്കാർ ജോലി നൽകാനുള്ള ഇച്ഛാശക്തിയോടെയുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. 5600 ഓളം മാത്രം അംഗസംഖ്യയുള്ള സേനയാണ് എക്സൈസ്.
ഈ സേനയിൽ 2949 നിയമനങ്ങൾ ഇടതുപക്ഷജനാധിപത്യ മുന്നണി സർക്കാർ 2016ൽ അധികാരത്തിലെത്തിയ ശേഷം നടത്തി. 507 പുതിയ തസ്തികകൾ ഈ കാലയളവിൽ സൃഷ്ടിച്ചു. മയക്കുമരുന്ന് മാഫിയയ്ക്ക് എതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന എക്സൈസ് സേനയിലേക്ക് കൂടുതൽ യുവാക്കളെത്തുന്നത് സേനയ്ക്ക് കരുത്തേകുമെന്നും മന്ത്രി പറഞ്ഞു.
2021 ൽ ഈ സർക്കാർ അധികാരമേറ്റ ശേഷം ഇതുവരെ 247 തസ്തികകളാണ് എക്സൈസ് സേനയിൽ പുതുതായി സൃഷ്ടിച്ചത്. ഇതിൽ 108 വനിതാ സിവിൽ എക്സൈസ് ഓഫീസർ തസ്തികകളും ഉൾപ്പെടുന്നു. ഇതോടെ 2016 ൽ അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാലത്ത് ആകെ പുതുതായി എക്സൈസ് സേനയിൽ പുതുതായി സൃഷ്ടിച്ചത് 507 തസ്തികകളാണ്. 246 വനിതാ സിവിൽ എക്സൈസ് ഓഫീസർമാരുടെ തസ്തികയാണ് ഈ കാലയളവിൽ സൃഷ്ടിച്ചത്. 2021 ന് ശേഷം എക്സൈസിൽ 1356 പേർക്കാണ് എക്സൈസിൽ പി എസ് സി വഴി നിയമനം നൽകിയത്. 2016 ന് ശേഷം എക്സൈസ് സേനയിൽ പിഎസ് സി വഴി നിയമനം നേടിയത് ആകെ 2949 പേരാണ്. ഇവർക്ക് പുറമേ ഇപ്പോൾ സൃഷ്ടിച്ച തസ്തികയിലുള്ളവരും ഉടൻ സർവീസിലെത്തും. എക്സൈസിന്റെ ചരിത്രത്തിൽ ഏറ്റവുമധികം പേർക്ക് തൊഴിൽ നൽകിയ കാലഘട്ടമാണ് ഇത്.
മയക്കുമരുന്ന് കേസുകളിൽ അന്വേഷണം നടത്തി അന്താരാഷ്ട്ര കുറ്റവാളികളെ കണ്ടെത്തി നിയമനടപടി ദ്രുതഗതിയിൽ നടപ്പിൽ വരുത്തുന്നതിന് 2019ൽ എക്സൈസ് ക്രൈംബ്രാഞ്ച് രൂപീകരിച്ചു. മയക്കുമരുന്ന് മാഫിയയ്ക്കെതിരെ ശക്തമായ നടപടികൾ ഉറപ്പാക്കാൻ ക്രൈംബ്രാഞ്ച് ഇടപെടലുകൾക്ക് കഴിഞ്ഞു.
അന്താരാഷ്ട്ര കുറ്റവാളികളെയുൾപ്പെടെ ഇങ്ങനെ പിടികൂടാനായിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷിച്ച് വിധി പ്രസ്താവിച്ചിട്ടുള്ള 16 കേസുകളിൽ 14 കേസിലും പ്രതികൾക്ക് വലിയ ശിക്ഷ ലഭിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പിൽ കഴിഞ്ഞ 10 വർഷ കാലയളവിൽ മയക്കുമരുന്ന് കേസുകളിലെ ശിക്ഷാനിരക്ക് 96.73 ശതമാനം ആണ്. പല കേസ്സുകളിലും പ്രതികള്‍ക്ക് 10 വര്‍ഷത്തില്‍ കൂടുതലാണ് തടവ് ശിക്ഷ ലഭിച്ചിട്ടുള്ളത്. 34 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ച കേസുകളും ഈ കാലയളവില്‍ ഉണ്ടായിട്ടുണ്ട്.
ഇത് അഭിമാനകരമായ നേട്ടമാണ്. സേനയുടെ ആധുനികവത്കരണത്തിനും ശക്തമായ ഇടപെടൽ നടത്തിയിട്ടുണ്ട്. സേനാംഗങ്ങൾക്ക് ആയുധങ്ങളും ഉറപ്പാക്കാനായി. അതിർത്തികളിൽ ശക്തമായ നിരീക്ഷണം ഉറപ്പാക്കാൻ കെമു പോലെയുള്ള നൂതനരീതികളും ആവിഷ്കരിച്ചു. ഈ ഇടപെടലുകളുടെയെല്ലാം തുടർച്ചയായാണ് എക്സൈസ് സേനയെ അംഗസംഖ്യയിൽ കൂടി ശാക്തീകരിക്കുന്നത്.
