തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നിമിഷങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ള മാധ്യമ പ്രവര്‍ത്തകനായിരുന്നു കെ.ജി.പരമേശ്വരന് നായര്‍ എന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കെ.ജി.പരമേശ്വരന് നായര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന രാഷ്ട്രീയം നിയന്ത്രിക്കുന്ന വിധത്തില്‍ മാധ്യമ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിരുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു കെ.ജി.പരമേശ്വരന് നായര്‍. പക്ഷെ, അദ്ദേഹം നിസ്വാര്‍ത്ഥനായിരുന്നു.
മാധ്യമ പ്രവര്‍ത്തനത്തില്‍ ഒരു തലമുറയുടെ രക്ഷിതാവായിരുന്നു അദ്ദേഹമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
എ.ബി.വി.പി അത്ര ശക്തമായ വിദ്യാര്‍ത്ഥി സംഘടന അല്ലാതിരുന്ന കാലത്തും അതിന്റെ ഭാരവാഹിയെന്ന നിലയില്‍ കെ.ജിയുടെ വാത്സല്യം അനുഭവിക്കാന്‍ കഴിഞ്ഞുവെന്ന് വി.മുരളീധരന് എം.എല്‍.എ പറഞ്ഞു. ശക്തിയുള്ള സംഘടന, അല്ലാത്തത് എന്ന വേര്‍തിരിവ് അദ്ദേഹത്തിനുണ്ടയിരുന്നില്ല.വാക്കുകളിലൂടെ എങ്ങനെ നിശിതമായ വിമര്‍ശനം നടത്താന്‍ കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു.
നട്ടെല്ലുള്ള മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു കെ.ജി.പരമേശ്വരന് നായര്‍ എന്ന് മുന്‍ മന്ത്രി സി.ദിവാകരന് അനുസ്മരിച്ചു. കെ.ജി എഴുതിയ ‘കേരള നിയമസഭാചരിത്രവും ധര്‍മ്മവും’ എന്ന ഗ്രന്ഥം നിയമസഭാ സാമാജികര്‍ക്ക് എന്നും വഴികാട്ടിയായിരിക്കുമെന്ന് മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍ പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് എസ്. ശ്രീകേഷ് അദ്ധ്യക്ഷനായിരുന്നു.
സെക്രട്ടറി പി.ആര്.പ്രവീണ്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഡോ.ടി.പി.ശങ്കരന്‍കുട്ടി നായര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എസ്.ആര്.ശക്തിധരന്, കെ.പി.മോഹനന്, രാജ്മോഹന്‍ എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് കോവളം സതീഷ്കുമാര്‍ നന്ദി പറഞ്ഞു. കെ.ജി.പരമേശ്വരന് നായരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
