മയക്കുമരുന്ന്-സ്പിരിറ്റ് മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുന്ന എക്സൈസ് സേനയെ തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞ 9 ദിവസങ്ങൾ കൊണ്ട് 3.65 കോടി വിലമതിക്കുന്ന മയക്കുമരുന്നും 55.27 ലക്ഷം വിലമതിക്കുന്ന അനധികൃത സ്പിരിറ്റുമാണ് എക്സൈസ് പിടിച്ചെടുത്തത്. 3171 കേസുകളെടുത്തു, 613 പ്രതികൾ അറസ്റ്റിലായി.
തെരഞ്ഞെടുപ്പിന്റെയും ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെയും പശ്ചാത്തലത്തിൽ പഴുതടച്ച എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളാണ് സംസ്ഥാനത്താകെ എക്സൈസ് സേന നടത്തുന്നത്. ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ എക്സൈസ് സേനാംഗങ്ങളെയും മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. കൂടുതൽ വ്യാപകവും ശക്തവുമായ നടപടികൾ എക്സൈസ് തുടരുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ കൊച്ചിയിൽ രണ്ട് കിലോയിൽ അധികം വരുന്ന ഹാഷിഷ് ഓയിലാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചത്. രണ്ട് ഒഡീഷ സ്വദേശികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി. രണ്ട് കോടിയിലധികം രൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് പിടിച്ചത്. ശനിയാഴ്ച കണ്ണൂർ പഴയങ്ങാടിയിൽ 11,055 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് പിടിച്ചെടുത്തത്. കാലിത്തീറ്റ ചാക്കുകൾക്കടിയിൽ സൂക്ഷിച്ച് ഹുബ്ലിയിൽ നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്ന 335 കന്നാസ് സ്പിരിറ്റാണ് പിടിച്ചത്. കർണാടക സ്വദേശിയായ ഡ്രൈവറെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് വെള്ളിയാഴ്ച നടത്തിയ വ്യാപക പരിശോധനയിൽ എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, കൊക്കൈൻ, കഞ്ചാവ് ഉൾപ്പെടെ കണ്ടെടുക്കുകയും നിരവധി പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു.
3911 റെയ്ഡുകളാണ് എക്സൈസ് ഈ 9 ദിവസം കൊണ്ട് നടത്തിയത്. ഇതിൽ 96 എണ്ണം പൊലീസ് ഉൾപ്പെടെയുള്ള മറ്റ് സേനകളുമായി നടത്തിയ സംയുക്ത പരിശോധനകളാണ്. ഇതിന് പുറമേ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് 702 പരിശോധനകളും റെയിൽവേ സ്റ്റേഷനുകളിൽ 200 പരിശോധനയും സ്കൂൾ പരിസരങ്ങളിൽ 1334 പരിശോധനകളും ലേബർ ക്യാമ്പുകളിൽ 136 പരിശോധനകളും നടന്നിട്ടുണ്ട്. 417 അബ്കാരി കേസുകളും 243 മയക്കുമരുന്ന് കേസുകളുമാണ് കണ്ടെത്തിയത്. 355 പ്രതികളെ അബ്കാരി കേസുകളിലും 234 പ്രതികളെ മയക്കുമരുന്ന് കേസുകളിലും പിടികൂടി. 3 കിലോയിലധികം ഹാഷിഷ് ഓയിൽ, 104.14 കിലോ കഞ്ചാവ്, 259.87 ഗ്രാം എംഡിഎംഎ, 10.03 ഗ്രാം ഹെറോയിൻ, 93.59 ഗ്രാം ബ്രൌൺ ഷുഗർ ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. 2511 പുകയില കേസുകളിൽ 5,01,800 രൂപ പിഴയീടാക്കിയിട്ടുണ്ട്.
