ബലാൽസംഗ കേസിൽ പ്രതിചേർക്കപ്പെട്ട പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ എത്രയും പെട്ടെന്ന് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.
ഇതുവരെ പരാതി ഇല്ല എന്ന സാങ്കേതിക ന്യായമായിരുന്നു കോൺഗ്രസ്സ് നേതൃത്വം ഉയർത്തിക്കാട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ പെൺകുട്ടി രേഖാമൂലം തന്നെ പരാതി നൽകിയിരിക്കുകയാണ്. നിയമത്തിന് വഴങ്ങാതെ പാലക്കാട് എം.എൽ.എ ഒളിവിലാണെന്നത് ലജ്ജാകരമാണ്. ജനപ്രതിനിധി എന്ന നിലയിലുള്ള ധാർമ്മികത അദ്ദേഹം കാത്തുസൂക്ഷിക്കണം.
ഗുരുതരമായ ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തലിന് കോൺഗ്രസ്സിലെ ഒരു പ്രബല വിഭാഗം ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്നത് ഗൗരവതരമാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇതിന് നേതൃത്വം നൽകുന്നത്.
ഈ വിഷയം നീട്ടിക്കൊണ്ടുപോയി ദേശീയ തലത്തിൽ തന്നെ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ഗൂഢശ്രമമാണ് കെ.സി. വേണുഗോപാൽ നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
രാഹുൽ മാങ്കുട്ടത്തിലിനെതിരെ വിമർശനം ഉന്നയിക്കുന്നവർക്കെതിരെ കോൺഗ്രസ് സൈബർ ഗുണ്ടകൾ ഹീനമായ സൈബർ ആക്രമണമാണ് അഴിച്ചുവിടുന്നത്. ആൺ-പെൺ വ്യത്യാസമില്ലാതെയാണ് ഇക്കൂട്ടർ വ്യക്തിഹത്യ നടത്തുന്നത്. കോൺഗ്രസിനുള്ളിലെ തന്നെ എത്രയോ പേർ ഇത്തരം സൈബർ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം പ്രവണതകൾ ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
