മാറുന്ന കാലാവസ്ഥയിൽ കളകൾ കരുത്താർജ്ജിച്ചു കനത്ത വിളനഷ്ടം വരുത്തുന്നതിനാൽ മെച്ചപ്പെട്ട കളനിയന്ത്രണമാർഗ്ഗങ്ങൾ ചർച്ച ചെയ്യുന്നതിനായി വെള്ളായണി കാർഷിക കോളേജിൽ നവംബർ 27, 28 തീയതികളിൽ സംഘടിപ്പിച്ച രാജ്യാന്തര സെമിനാറിനു (“Climate-weed Nexus: Innovations for sustainable farming”-CWIS 2025/ “കാലാവസ്ഥ – കള ബന്ധം: സുസ്ഥിര കൃഷിക്കുള്ള -നിർദേശങ്ങൾ”) സമാപനമായി.
പ്രമുഖ കളശാസ്ത്രജ്ഞൻ ഡോ. ബി.എസ്. ചൗഹാൻ (യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ് ലാൻഡ് , ഓസ്ട്രേലിയ) ഉദ്ഘടാനം ചെയ്ത സെമിനാറിൽ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കൃഷി ശാസ്ത്രജ്ഞർ പങ്കെടുത്തു. ഭാരതത്തിൽ പത്തു പ്രധാന വിളകളിൽ മാത്രം കള മൂലമുണ്ടാകുന്ന വിളനഷ്ടം 11 ബില്യൺ ഡോളറാണ് . മാറുന്ന കാലാവസ്ഥയിൽ കളകളുടെ വളർച്ചയും വ്യാപനവും വർദ്ധിക്കും. ഇവയെ നശിപ്പിക്കാനുപയോഗിക്കുന്ന പല കളനാശിനികളുടെയും കാര്യക്ഷമത കുറയും. അതിനാൽ സെമിനാർ കാലോചിതമെന്നു പ്രോസീഡിങ്സ് പ്രകാശനം ചെയ്തു സംസാരിച്ച ഡോ. ചൗഹാൻ അഭിപ്രായപ്പെട്ടു. “ജൈവകൃഷിയിലൂടെ അതിജീവനം” എന്ന വിഷയത്തിൽ കേന്ദ്ര കിഴങ്ങുവർഗ്ഗവിള ഗവേഷണ കേന്ദ്രം, തിരുവനന്തപുരം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സുജ ജി. മുഖ്യപ്രഭാഷണം നടത്തി.
ഉദ്ഘാടനചടങ്ങിൽ പ്രത്യേക പ്രഭാഷണം നടത്തിയ നബാർഡ് ചീഫ് ജനറൽ മാനേജർ ശ്രീ. നാഗേഷ് കുമാർ അനുമല നബാർഡിന്റെ ഹരിത പ്രൊജക്റ്റുകളെ വിശദീകരിച്ചു. നബാർഡ്, കേര, കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ എന്നിവയുടെ ധനസഹായം സെമിനാറിനു ലഭിച്ചിട്ടുണ്ട്. കാർഷിക കോളേജ് ശാസ്ത്രജ്ഞർ തയ്യാറാക്കിയ പ്രസിദ്ധീകരണം, കളനിയന്ത്രണത്തിനു സഹായകമായ KAU weedz app എന്നിവയും ഉദ്ഘാടനചടങ്ങിൽ പ്രകാശനം ചെയ്തു. വിദ്യാർത്ഥികളുടെയും ഗവേഷകരുടേതുമായി 250ൽ പരം പ്രബന്ധങ്ങൾ സെമിനാറിൽ ചർച്ച ചെയ്യപ്പെട്ടു.
നവംബർ 28 നു നടന്ന സമാപനച്ചടങ്ങിൽ സെമിനാർ ജോയിന്റ് കൺവീനർ ഡോ. അമീന എം. സ്വാഗതം പറഞ്ഞു. പ്രാദേശിക ഗവേഷണകേന്ദ്രം മേധാവിയും സെമിനാർ കൺവീനറും ആയ ഡോ.ശാലിനി പിള്ള പി. അദ്ധ്യക്ഷത വഹിച്ചു. സെമിനാർ ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ഷീജ കെ.രാജ് റിപ്പോർട്ട് അവതരിപ്പിച്ചു. വിശിഷ്ടാഥിതി ഉത്തരാഖണ്ഡ് ശ്രീ ഗുരു റാം റായി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ.പ്രതാപൻ പ്രബന്ധ വിജയികൾക്കുള്ള അവാർഡുകൾ സമ്മാനിച്ചു.
ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ടി.കെ. ദാസ്, തമിഴ്നാട് കാർഷിക സർവകലാശാല എമിറിറ്റസ് ശാസ്ത്രജ്ഞൻ ഡോ.സി.ആർ.ചിന്നമുത്തു എന്നിവർ പങ്കെടുത്തു.
കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. കെ. എൻ. അനിത്, ഗവേഷണ കോർഡിനേറ്റർ ഡോ.ഫൈസൽ എം. എച്. ,ഡോ.റോയ് സ്റ്റീഫൻ എന്നിവർ ആശംസകൾ നേർന്നു. ജോയിന്റ് കൺവീനർ ഡോ.സുഷ വി.എസ്. നന്ദി പറഞ്ഞു.
