കേരള ബാങ്ക് രൂപീകരണത്തിൻ്റെ ആറാം വാർഷികം സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കോഴിക്കോട് റീജണൽ ഓഫീസിൽ ബാങ്ക് പ്രസിഡന്റ് പി. മോഹനൻ മാസ്റ്റർ പതാക ഉയർത്തി.
തിരുവനന്തപുരത്ത് ഹെഡ് ഓഫീസിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം ചാക്കോ പതാക ഉയർത്തി. സംസ്ഥാനത്ത് ബാങ്കിൻ്റെ 7 റീജണൽ ഓഫീസുകളിലും 14 സിപിസികളിലും (ജില്ലാ കേന്ദ്രങ്ങളിലും), ശാഖകളിലും പതാക ഉയർത്തലും മധുര പലഹാര വിതരണവും സംഘടിപ്പിച്ചു.
വാർഷികാഘോഷത്തിൻ്റെ ഭാഗമായി ശാഖകളിൽ ഇടപാടുകാരുടെ സംഗമം നടന്നു. 2019 നവംബർ 29ന് ആരംഭിച്ച കേരള ബാങ്കിൻ്റെ മൊത്തം ബിസിനസ് നിലവിൽ 1.25 ലക്ഷം കോടി രൂപയിലേക്ക് അടുക്കുകയാണ്.
അമ്പതിനായിരം കോടി രൂപയുടെ വായ്പ ബാക്കിനിൽപ്പ് കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാന സഹകരണ ബാങ്കും കേരളത്തിൽ ഈ നേട്ടം കൈവരിച്ച 5 ബാങ്കിലൊന്നും കേരള ബാങ്കാണ്.
ശാഖകളുടെ എണ്ണത്തിൽ സംസ്ഥാനത്തെ രണ്ടാമത്തെ ബാങ്ക് ആയ കേരള ബാങ്ക് വയനാട് പ്രകൃതി ദുരന്ത ബാധിതരായ മുണ്ടക്കൈ, ചൂരൽമല പ്രദേശവാസികളുടെ 3.86 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുകയുണ്ടായി.
സഹകരണ ബാങ്കിംഗ് മേഖലയിൽ ഏഷ്യയിൽ ഒന്നാം സ്ഥാനത്തുള്ള കേരള ബാങ്ക് ആർബിഐ നിയന്ത്രണത്തിൽ എല്ലാവിധ ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും നൽകിവരുന്നു. 2025 ഒക്ടോബർ 31ന് അവസാനിച്ച നൂറു ദിന സ്വർണ്ണ പണയ ക്യാമ്പയിൻ വഴി കേരള ബാങ്കിന്റെ സ്വർണപ്പണയ വായ്പയിൽ 2071 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.
ജനപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചും കേരളത്തിന്റെ സാമൂഹിക വികാസത്തിൽ പങ്കുവഹിച്ചും കേരള ബാങ്ക് മുന്നോട്ടുപോകുമെന്ന് ബാങ്ക് പ്രസിഡൻറ് ശ്രീ. പി മോഹനൻ മാസ്റ്റർ തദ്ദവസരത്തിൽ പറഞ്ഞു.
