തിരുവനന്തപുരം – പുഞ്ചക്കരി – വെള്ളായണി തണ്ണീർത്തടത്തിൽ പക്ഷി വൈവിധ്യം കുറയുന്നു.
കഴിഞ്ഞവർഷം തൊണ്ണൂറ്റി അഞ്ചു ജാതികളെ കണ്ടപ്പോൾ ഇത്തവണ തൊണ്ണൂറെണ്ണത്തെ മാത്രമെ കണ്ടുള്ളു.
അടുത്തിടെ കായലിലും കരയിലും നടന്ന നിർമാണ പ്രവർത്തനങ്ങളും ശബ്ദ മലിനീകരണവും കാരണമാവാം പക്ഷികളുടെ ഇനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമെന്നാണ് കരുതുന്നത്.. കനാൽ റോഡിനിരുവശവും ഉള്ള മരങ്ങൾ വെട്ടി മാറ്റിയത് പക്ഷികളുടെ ആഹാര സമ്പാദനത്തിനും അവയ്ക്ക് ചേക്കയിരിക്കുവാനുമുള്ള തണലിടങ്ങളാണ് നഷ്ടമാക്കിയത്.
അപൂർവ ദേശാടനപക്ഷികൾ ഉൾപ്പെടെ ധാരാളം പക്ഷികൾ വിരുന്നിനെത്തുന്ന ഈ തണ്ണീർതടത്തിനു അനുയോജ്യമായ നിർമ്മാണ പ്രവർത്തനങ്ങളെ നടത്തുവാൻ പാടുള്ളു വെന്ന് കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പ്രവർത്തകർ ആവശ്യപ്പെട്ടു.
പുഞ്ചക്കരി -വെള്ളായണി തണ്ണീർതടങ്ങളിലെ പക്ഷിസമ്പത്ത് എന്നെന്നേക്കുമായി നഷ്ടമാകാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് സർവ്വെയിൽ പങ്കെടുത്ത പക്ഷി പ്രകൃതി ഗവേഷകർ ചൂണ്ടികാട്ടി.
കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള പുഞ്ചക്കരി വെള്ളായണി ബേർഡ് കൌണ്ട് കഴിഞ്ഞ ദിവസമാണ് നടത്തിയത്.. Dr. സാലിം അലിയുടെ ജന്മദിനമായ നവംബർ 12 നോടനുബന്ധിച്ചുള്ള ഞായറാഴ്ചകളിൽ 2020 മുതൽ പുഞ്ചക്കരി-വെള്ളായണിയിൽ ബേർഡ് കൌണ്ട് നടത്തിവരുന്നു. 90 ഇനങ്ങളിലായി 1756 പക്ഷികളെയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വേഗത കൂടിയ ജീവിയായ കായൽ പുള്ളിനെ (Peregrine falcon) ഇത്തവണയും വെള്ളായണിയിൽ കണ്ടു. വാലൻ താമരക്കോഴികളുടെ (Pheasant-tailed Jacana) വലിയ കൂട്ടവും ദേശാടകരായ ചെറിയ നെല്ലിക്കോഴികളുടെ (Baillon’s crake ) വർധിച്ച എണ്ണവും ഇപ്രാവശ്യം നിരീക്ഷകരെ ആശ്ചര്യപ്പെടുത്തി.
കെ.എൻ.എച്ച്. എസ്. വൈസ് പ്രസിഡന്റ്, സി സുശാന്ത് ,സെക്രട്ടറി അരുൺ സി.ജി പഠനം ഏകോപിപ്പിച്ചു .സി.റഹിം, Dr. ദിലീപ് കെ.ജി, ലിസ ആർ.എസ് ,, ജോസ് കെ എസ് ,ബിജു പി.ബി ,ജയകൃഷ്ണൻ ,ഉഷ , അലീന, അരുൺ എസ പി, ജോബി , ശാസ്ത്രജ്ഞരായ പ്രവീൺ ജെ ,ഗീത ദയാൽ എന്നിവർ പക്ഷിസർവ്വെയിൽ പങ്കെടുത്തു.
കേരളത്തിലെ പ്രധാനപ്പെട്ട ശുദ്ധജലസ്രോതസ്സുകളിലൊന്നാണ് വെള്ളായണിക്കായൽ. പുഞ്ചക്കരിയിലെ കൃഷിയും പാടങ്ങളും, കായലും, കായലുമായി ചേർന്നുള്ള ആവാസ വ്യവസ്ഥയും ധാരാളം തദ്ദേശീയരായ പക്ഷികളെയും ദേശാടനപ്പക്ഷികളെയും ഒരുപോലെ ആകർഷിക്കുന്നു.
