തിരുവനന്തപുരം: മലയാളത്തിന്റെ വിശ്വനാടകൻ മോഹൻലാലിന്റെ ജീവിതകഥ ആസ്പദമാക്കി തൈക്കാട് ഗവൺമെന്റ് മോഡൽ സ്കൂൾ അവതരിപ്പിച്ച മൈം (Mime) ജില്ലാ കലോത്സവ വേദിയിൽ ശ്രദ്ധാകേന്ദ്രമായി. ആറ്റിങ്ങലിൽ നടക്കുന്ന ജില്ലാ കലോത്സവ വേദിയിലാണ് മൈം അവതരിപ്പിച്ചത്. മോഹൻലാൽ ഈ വിദ്യാലയത്തിൽ പഠിച്ചിറങ്ങി 50 വർഷം പൂർത്തിയാക്കിയതിന്റെ ആദരസൂചകമായാണ് കുട്ടികൾ ഈ അവതരണം നടത്തിയത്. എ ഗ്രേഡ് കരസ്ഥമാക്കിയ മൈം കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.
ബാല്യം മുതൽ ഫാൽക്കെ വരെ
ഈ മൈമിന്റെ പ്രധാന പ്രമേയം മോഹൻലാലിന്റെ ബാല്യകാലം മുതൽ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ നടത്തിയ യാത്രയാണ്. അദ്ദേഹത്തിന്റെ തുടക്കകാലത്തെ സിനിമകൾ, ശബ്ദവിധിയാന സമയത്തെ കഷ്ടപ്പാടുകൾ (സ്ട്രഗിൾ), സോഷ്യൽ മീഡിയ ട്രോളുകളെ മറികടന്നുള്ള തിരിച്ചുവരവ്, തുടർന്നുണ്ടായ ബ്ലോക്ക്ബസ്റ്ററുകൾ, ഒടുവിൽ ഇന്ത്യയുടെ പരമോന്നത സിനിമാ ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് സ്വീകരിക്കുന്നത് വരെയുള്ള മുഹൂർത്തങ്ങൾ ഈ പ്രകടനത്തിൽ ഉൾപ്പെടുത്തി.
പശ്ചാത്തല സംഗീതം
മോഹൻലാലിന്റെ വിവിധ അഭിനയ ജീവിതത്തിലെ മുഹൂർത്തങ്ങൾക്ക് ചാരുത പകരുന്നതിനായി വേദിയിൽ പ്രത്യേകമായി തയ്യാറാക്കിയ പശ്ചാത്തല സംഗീതം ഈ മൈമിനെ കൂടുതൽ മനോഹരമാക്കി. സംഗീതവും നിശബ്ദമായ അഭിനയവും ഒത്തുചേർന്നപ്പോൾ, ഒരു വിസ്മയ കാഴ്ചാനുഭവം സമ്മാനിക്കാൻ വിദ്യാർഥികൾക്ക് സാധിച്ചു.
മൈമിൻ്റെ സംവിധാനവും തിരക്കഥയും ഒരുക്കിയത് സോനു സുരേന്ദ്രനാണ്.
