ഭക്ഷ്യഭദ്രത
സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ലഭ്യമായെന്ന് ഉറപ്പു വരുത്തുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിനായി ഓണ്‍ലൈനായി അപേക്ഷിക്കുവാന്‍ ഈ മാസം തന്നെ വീണ്ടും അവസരം നല്‍കുന്നതാണ്.
നിലവിൽ ഓൺലൈനായി ലഭിച്ച 39,682 അപേക്ഷകളില്‍ അർഹതപ്പെട്ടവർക്ക് ജനുവരി 15 ന് മുൻപായി PHH കാർഡുകൾ വിതരണം ചെയ്യും. 2026 ജനുവരി 31 ന് മുൻപായി അർഹരായ എല്ലാ കുടുംബങ്ങളും ഓൺ ലൈൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുന്നതാണ്.
എഎവൈ വിഭാഗത്തില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് 2389 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ഉള്‍പ്പെടെ 6950 കുടുംബങ്ങള്‍ക്ക് കാര്‍ഡുകള്‍ ഉടന്‍ തരംമാറ്റി നല്‍കും.
ഈ വിഷയത്തിന്റെ സാമൂഹ്യപ്രാധാന്യം ഗൗരവത്തോടെ മനസ്സിലാക്കേണ്ടതുണ്ട്. 1965 മുതല്‍ സാര്‍വ്വത്രിക സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം. ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിലും ഭക്ഷ്യകമ്മി സംസ്ഥാനമെന്ന നിലയിലും ഈ അവകാശം കേരളം ഒറ്റക്കെട്ടായി പൊരുതി നേടിയതാണ്.
എന്നാല്‍ NDA, UPA നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരുകള്‍ സബ്സിഡികളും സൗജന്യങ്ങളും പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി സാര്‍വ്വത്രിക റേഷനിംഗ് ഇല്ലാതാക്കി.
2013 ലെ NFSA നിയമം ഈ വിവേചനത്തിന് നിയമപരമായ അംഗീകാരം നല്കിയതുമൂലം സംസ്ഥാനത്തെ ജനങ്ങളില്‍ 57 ശതമാനം പേരും റേഷന്കവറേജിന് പുറത്തായി.
മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ പരമാവധി സംഖ്യ ഒരുകോടി അന്‍പത്തിനാല് ലക്ഷത്തി എണ്‍പതിനായിരത്തി നാല്‍പ്പത് (1,54,80,040) ആയി നിജപ്പെടുത്തപ്പെട്ടു. ഇതില്‍പ്പെടാത്തവര്‍ ഭക്ഷ്യധാന്യ വിഹിതത്തിന് മാത്രമല്ല ചികിത്സ ഉള്‍പ്പെടെയുള്ള മറ്റുപല ആനുകൂല്യങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ടു.
സംസ്ഥാന ഗവണ്മെന്റ് ഇപ്രകാരം കവറേജിന് പുറത്തായ മുന്‍ഗണനേതര വിഭാഗത്തെ നീല, വെള്ള കാര്‍ഡുകാരായി തിരിച്ച് ലഭ്യമായ പരിമിതമായ ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നും ഭക്ഷ്യധാന്യം നല്കി വരുന്നു.
കേന്ദ്രം അടിച്ചേല്‍പ്പിച്ച നിബന്ധനകള്‍ മൂലം മുന്‍ഗണനാ വിഭാഗത്തിന് പുറത്തായിപ്പോയ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ തങ്ങളുടെ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേയ്ക്ക് തരംമാറ്റി ലഭിക്കാന്‍ സര്‍ക്കാരിന്റെ വാതിലുകള്‍ മുട്ടി വര്‍ഷങ്ങളോളം നടക്കുന്ന സ്ഥിതിയുണ്ടായി. മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും ഒരു കുടുംബത്തെ ഒഴിവാക്കിയാല്‍ മാത്രമെ മറ്റൊരു കുടുംബത്തിന് കാര്‍ഡ് നല്കാന് കഴിയൂ എന്ന നിലവന്നു.
ഈ സര്‍ക്കാര്‍ ആ വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തി പരിഹാരമുണ്ടാക്കി.
സ്വമേധയാ സറണ്ടര്‍ ചെയ്യുവാന്‍ അവസരം നല്കിയതിലൂടെയും ഓപ്പറേഷന് യെല്ലോ എന്ന് പേരിട്ട തീവ്രപരിശോധനയിലൂടെയും അനര്‍ഹര്‍ കൈവശം വച്ച കാര്‍ഡുകള്‍ മടക്കി വാങ്ങി അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തു.
ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഇപ്രകാരം 58,487 മഞ്ഞ (എഎവൈ) കാര്‍ഡുകളും, 5,45,358 പങ്ക് (പിഎച്ച്എച്) കാര്‍ഡുകളും അടക്കം 6,03,845 മുന്‍ഗണനാ കാര്‍ഡുകള്‍ അര്‍ഹരായവരുടെ കരങ്ങളിലെത്തിച്ചു.
നിലവിലുള്ള ഒഴിവുകളില്‍ പൊതുവിതരണ വകുപ്പ് 1,00,000 മുൻഗണനാ കാർഡുകൾ പുതുതായി വിതരണം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
അപേക്ഷ നല്കാത്തതിനാല് അര്‍ഹതയുണ്ടായിട്ടും മുന്‍ഗണനാ വിഭാഗത്തില്‍ പ്പെടുത്താന് കഴിയാതിരിക്കുന്ന 56,932 SC കുടുംബങ്ങള്‍ക്കും 2046 ST കുടുംബങ്ങള്‍ക്കും കാര്‍ഡ് തരം മാറ്റി നല്കുന്നതിനു വേണ്ടി അവരെ നേരില്‍ ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ ലഭ്യമാക്കി മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കും.
ശേഷിക്കുന്ന ഒഴിവുകളിലേയ്ക്ക് പൊതു വിഭാഗങ്ങളിൽ നിന്നും കണ്ടെത്തുന്നതിനായി മേൽ പ്രകാരമുള്ള നടപടികൾ തന്നെ കൈക്കൊള്ളുന്നതാണ് .
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി പ്രത്യേക താമസസ്ഥലം ഇല്ലാത്തവരും അലഞ്ഞ് തിരിയുന്നവരും എല്ലാവരെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെ സര്‍വ്വേയിലൂടെ കണ്ടെത്തി കാര്‍ഡുകള്‍ നല്‍കിയിരുന്നു. കോന്നി താലൂക്കിലെ ചെങ്ങറ സമര ഭൂമിയില്‍ കാര്‍ഡില്ലാത്ത 25 കുടുംബങ്ങള്‍ക്ക് കാര്‍ഡ് അനുവദിക്കുകയും 108 കുടുംബങ്ങള്‍ക്ക് പിഎച്ച്എച്ച് വിഭാഗത്തിലേയ്ക്കും 125 കുടുംബങ്ങള്‍ക്ക് എഎവൈ വിഭാഗത്തിലേയ്ക്ക് തരംമാറ്റി നല്‍കിയിട്ടുണ്ട്. ചെങ്ങറ സമരഭൂമിയില്‍ ഒരു സഞ്ചരിക്കുന്ന റേഷന്‍കട അനുവദിക്കുന്നതിനും ഉത്തരവായിട്ടുണ്ട്.
റേഷന്‍കടകളെ നവീകരിക്കാനും ആധുനീകരിക്കാനും ലക്ഷ്യമിട്ട കെ-സ്റ്റോര്‍ പദ്ധതി തുടര്‍ന്നും മുന്നോട്ട് കൊണ്ട് പോകും. നിലവില്‍ 2181 കെ-സ്റ്റോറുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. 152 റേഷന്‍കടകള്‍ കൂടി ഉടന്‍ കെ-സ്റ്റോറുകളായി മാറി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഈ സാമ്പത്തികവര്ഷാവസനത്തോടെ ആകെ 2500 കെ-സ്റ്റോറുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നിലയുണ്ടാകും.
കേന്ദ്രസര്‍ക്കാരില്‍ നിരന്തരമായ സമ്മര്‍ദ്ദം ചെലുത്തി മുന്‍ഗണനേതര വിഭാഗത്തിനുള്ള ഗോതമ്പ് വിഹിതം നാല് വര്‍ഷത്തിനുശേഷം പുനസ്ഥാപിക്കുവാന്‍ കഴിഞ്ഞു. കാര്‍ഡ് ഒന്നിന് 2 കിലേോഗ്രാം വീതം ആട്ട ഈ മാസം മുതല്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.
ക്രിസ്തുമസ് – പുതുവത്സര വിപണി ഇടപെടല്‍
കാര്യക്ഷമമായ വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഉത്സവവേളകളിലുള്‍പ്പെടെ വിലക്കയറ്റം ഉണ്ടാകാതെ വിപണി സ്ഥിരത നിലനിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നത്.
കഴിഞ്ഞ ഓണക്കാലത്ത് വെളിച്ചെണ്ണയുടെയും അരിയുടെയും വില പൊതുമാര്‍ക്കറ്റില്‍ ഉയരുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടറിഞ്ഞ് ഫലപ്രദമായി തടയാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞു.
ഈ ക്രിസ്മസ് – പുതുവത്സര സീസണിലും സമാനമായ ഇടപെടല്‍ സപ്ലൈകോ നടത്തി. ഈ സീസണില്‍ സപ്ലൈകോയ്ക്ക് 82 കോടി രൂപയുടെ വിറ്റു വരവ് ഉണ്ടായി. 36.06 കോടി രൂപയാണ് സബ്സിഡി സാധനങ്ങളുടെ വിറ്റു വരവ്.
ഡിസംബർ 22 മുതൽ ജനുവരി ഒന്നു വരെയുള്ള 10 ദിവസത്തെ കണക്കാണിത്. ഡിസംബർ 25 അവധിയായിരുന്നു.
6 ജില്ലകളിലെ പ്രത്യേക ഫെയറുകളിലെയും വിൽപ്പന ഉൾപ്പെടെയുള്ള കണക്കാണിത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട , എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് പ്രത്യേക ക്രിസ്മസ് ഫെയറുകൾ ഈ ദിവസങ്ങളിൽ സപ്ലൈകോ സംഘടിപ്പിച്ചിരുന്നത്.
നെല്ല് സംഭരണം
സംസ്ഥാനത്ത് ഒന്നാംവിള നെല്ല് സംഭരണം മിക്കവാറും പൂര്‍ത്തിയായിരിക്കുകയാണ്. 36,311 കര്‍ഷകരില്‍ നിന്നായി 91,280 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. ഇതിന്റെ വിലയായ 274.9 കോടി രൂപയില്‍ 154.9 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. ശേഷിച്ച തുകയും ബാങ്കുകള്‍ വഴി പി.ആര്.എസ് വായ്പയായി വിതരണം നടന്നുകൊണ്ടിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് നല്‍കേണ്ട തുകകള്‍ തടഞ്ഞു വയ്ക്കുകയോ യഥാസമയം നല്‍കാതിക്കുകയോ ചെയ്യുന്നത് വഴി വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഇതുമൂലം കര്‍ഷകര്‍ക്ക് വിഷമം നേരിടാതിരിക്കാന്‍ പ്രോത്സാഹന ബോണസ് ഇനത്തില്‍ സര്‍ക്കാര്‍ വകയിരുത്തിയ തുക മുന്‍കൂറായി നല്‍കിക്കൊണ്ടാണ് നിലവില്‍ ബാങ്കുകള്‍ക്ക് മുന്‍കാല വായ്പ തിരിച്ചടവ് നല്കി കര്‍ഷകര്‍ക്ക് പി.ആര്.എസ് വായ്പ്പ മുടക്കമില്ലാതെ ലഭ്യമാക്കുന്നു.
2017-18 മുതല്‍ ആകെ 1344 കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുവാനുണ്ട്. ഇതില്‍ 221.52 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള NIC യ്ക്ക് വന്നിട്ടുള്ള സാങ്കേതിക പിഴവിന്റെ പേരിലാണ്, 257.41 കോടി രൂപ ട്രാന്സ്പോര്ട്ടേഷന് കുടിശ്ശികയാണ്. ബാക്കി വരുന്ന തുകയെല്ലാം തന്നെ വിവിധ സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് അന്യായമായി തടഞ്ഞു വച്ചിട്ടുള്ളവയാണ്.
ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച ക്ലയിമുകളില്‍ തന്നെ 2024-25 വര്‍ഷത്തെ 206.46 കോടി രൂപയും 2025-26 വര്‍ഷത്തെ 284.91 കോടി രൂപയും ലഭിക്കുവാനുണ്ട്.
