ചിത്രം പ്രതീകാത്മകം. ചിത്രത്തിലുള്ളത് മാനസിക രോഗികളല്ല.
തിരുവനന്തപുരം: മനോരോഗ ബാധിതർക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തുന്ന മൈൻഡ് ഫുൾ നസ് മെഡിറ്റേഷൻ എന്ന യോഗ പരിപാടിക്ക് കൂടുതൽ ഫീസ് ഈടാക്കുന്നുണ്ടെന്ന പരാതി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പരിപാടിയുടെ ചെലവുകൾക്ക് മാത്രം പണം ഈടാക്കുന്നതിൽ പരാതിക്കാരന് തർക്കമില്ലെന്നും ഉത്തരവിൽ പറഞ്ഞു.
അക്രമാസക്തരായി എത്തുന്ന മനോരോഗികളെ മറ്റുള്ള രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെ പാർപ്പിക്കാനുള്ള വിവിധ നടപടികൾ അധികൃതരുടെ അനുമതിയോടെ നടപ്പാക്കുമെന്ന് മെഡിക്കൽ കോളേജ് സൈക്യാട്രിക്ക് വിഭാഗം മേധാവി അറിയിച്ചു. ഇക്കാര്യത്തിൽ പരാതിക്കാരുടെ ക്രീയാത്മക നിർദ്ദേശങ്ങൾ പരിഗണിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
രണ്ടാഴ്ചകാലത്തേക്ക് മാത്രം മരുന്ന് നൽകുന്നതിന് പകരം ഒരു മാസത്തേക്ക് മരുന്ന് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജിന്റെ റിപ്പോർട്ടിൽ പറഞ്ഞു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 269 രോഗികൾക്ക് കൂട്ടിരിപ്പുകാരില്ലാതെ ചികിത്സ നൽകുന്നുണ്ട്. 50 പേരെ 2024 ൽ ബാക്ക് ടു ഹോം എന്ന പദ്ധതി വഴി മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പുനരധിവസിപ്പിച്ചു.
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ മനോരോഗമുള്ളവരും ബന്ധുക്കളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. തൈക്കാട് സ്വദേശി ജോൺസൻ ജോർജ് ഉൾപ്പെടെ 37 പേർ സമർപ്പിച്ച പരാതിയിലാണ് നടപടി.
