സാഹിത്യത്തിന്റെയും രംഗാവതരണത്തിന്റെയും വഴികളിൽ വസന്തംവിതറി കടന്നുപോയ രണ്ടു പ്രതിഭകളെ സാംസ്കാരികലോകം നാളെ അനുസ്മരിക്കുന്നു.
ഭാരത് ഭവൻ മുൻ മെമ്പർ സെക്രട്ടറിയും സാഹിത്യകാരനുമായ സതീഷ് ബാബു പയ്യന്നൂർ, നാടകത്തിന്റെയും ആട്ടക്കഥയുടെയും സർഗമേഖലകളിൽ അടയാളപ്പെടുത്തപ്പെട്ട പ്രശാന്ത് നാരായണൻ എന്നിവരെയാണ് കലാലോകം അനുസ്മരിക്കുന്നത്.
ജനുവരി 19 തിങ്കൾ വൈകിട്ട് 5.30ന് തിരുവനന്തപുരം ഭാരത് ഭവനിലാണ് പരിപാടി. സതീഷ് ബാബു പയ്യന്നൂർ സംസ്ഥാന ചെറുകഥാപുരസ്കാരങ്ങളും സമ്മാനിക്കും. വേണു ഐഎഎസ് ഉദ്ഘാടനം ചെയ്യും. പ്രമോദ് പയ്യന്നൂർ അധ്യക്ഷനാകും.
പ്രഭാവർമ, ജോർജ് ഓണക്കൂർ, സൂര്യ കൃഷ്ണമൂർത്തി, രാജശ്രീ വാര്യർ, കെ എസ് പ്രദീപ്, രഘൂത്തമൻ, സി അനൂപ്, കെ ആർ അജയൻ എന്നിവർ ഓർമപ്രഭാഷണം നടത്തും. കലിഗ്രഫർ നാരായണ ഭട്ടതിരി, ചലച്ചിത്രനിരൂപകൻ എം എഫ് തോമസ് എന്നിവരെ ചടങ്ങിൽ ആദരിക്കും.
ഡോ. സന്ധ്യ എസ് നായർ സ്വാഗതവും കല സാവിത്രി നന്ദിയും പറയും. അനുസ്മരണ പരിപാടിയുടെ ഭാഗമായി ‘പൂതനാമോക്ഷം’ കഥകളിയും ‘ദ്രൗപദി’ ക്യാമ്പസ് തിയറ്റർ അവതരണവും നടക്കും.
