ശാസ്ത്ര കുതുകികളിൽ ആവേശമുയർത്തി സംസ്ഥാനത്തുടനീളം പര്യടനം നടത്തിയ ക്വാണ്ടം സെഞ്ച്വറി സയൻസ് എക്സിബിഷന്റെ സമാപനം തിരുവനന്തപുരത്ത്. ഗവ. വിമൻസ് കോളെജിൽ ഫെബ്രുവരി 19 മുതൽ 24 വരെ നടക്കുന്ന ആറു ദിവസത്തെ എക്സിബിഷനോടെയാണു സമാപനം. ക്വാണ്ടം മെക്കാനിക്സിന്റെ നൂറാം വർഷം പ്രമാണിച്ച് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ചു ലോകമെമ്പാടും നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യപരിഷത്ത്, ലൂക്ക സയൻസ് പോർട്ടൽ, കൊച്ചി ശാസ്ത്രസാങ്കേതികസർവ്വകലാശാല എന്നിവയും വിമൻസ് കോളെജും ചേർന്നാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
എക്സിബിഷൻ വിജയിപ്പിക്കാൻ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ചെയർമാനും പരിഷത്ത് മുൻ സംസ്ഥാനപ്രസിഡന്റ് ബി. രമേശ് ജനറൽ കൺവീനറുമായി 60 അംഗ സംഘാടകസമിതിക്കു രൂപം നല്കി. ജില്ലാപ്പഞ്ചായത്ത് ചെയർപേഴ്സൺ വി. പ്രിയദർശിനി, സംസ്കൃതസർവ്വകലാശാല മുൻ വിസി ഡോ. എസ്. രാജശേഖരൻ, ശാസ്ത്രസാങ്കേതികകൗൺസിൽ മെംബർ സെക്രട്ടറി ഡോ. എ. സാബു, പ്രിൻസിപ്പൽ ഡോ. വി. ഉമാജ്യോതി, വാർഡ് കൗൺസിലർ രാഖി രവികുമാർ, കെ. കെ. കൃഷ്ണകുമാർ, എൻ. ജഗജീവൻ, ഡോ. സജി അലക്സ് എന്നിവർ വൈസ് ചെയർപേഴ്സണ്മാരാണ്. ഡോ. എൻ. ആർ. റസീന, ഡോ. ശ്യാം കുമാർ, ജി. ഷിംജി, എസ്. ജയകുമാർ എന്നിവർ ജോയിന്റ് കൺവീനർമാരായും പ്രവർത്തിക്കും. അക്കാദമിക് കമ്മിറ്റി അടക്കം എട്ട് ഉപസമിതികൾക്കും രൂപം നല്കിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെയും ജനങ്ങളുടെയും പങ്കാളിത്തംകൊണ്ടു യുനെസ്കോയുടെ പ്രശംസ നേടിയ പ്രദർശനം പരമാവധി പ്രയോജനപ്പെടുത്താൻ തലസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളോട് സംഘാടകസമിതി ആഹ്വാനം ചെയ്തു. വിദ്യാലയങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്റ്റർ ചെയ്യുന്ന മുറയ്ക്കു മുൻകൂട്ടി അനുവദിക്കുന്ന സ്ലോട്ടുകളിൽ ഓരോ വിദ്യാലയത്തിനും സൗകര്യമൊരുക്കും. https://q.luca.co.in/register/ ആണു രജിസ്ട്രേഷൻ ലിങ്ക്.
എക്സിബിഷനു മുന്നോടിയായി നഗരത്തിലെയും പരിസരങ്ങളിലെയും ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, കോളെജ്, മറ്റ് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ, വിവിധ ശാസ്ത്രസ്ഥാപനങ്ങൾ എന്നിവയിൽ ക്വാണ്ടം സയൻസുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങളിൽ ക്ലാസുകളും പ്രവർത്തനങ്ങളും സംഘടിപ്പിക്കും. നഗരത്തിലെ കലാലയങ്ങളെയും സ്കൂളുകളെയും ബന്ധിപ്പിച്ച് ക്വാണ്ടം റാലി ഉൾപ്പെടെ വിപുലമായ പ്രചാരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. എക്സിബിഷൻദിവസങ്ങളിൽ ക്വാണ്ടം ടോക്കുകൾ, ശാസ്ത്രപ്രഭാഷണങ്ങൾ, സെമിനാറുകൾ, പുസ്തകപ്രകാശനം തുടങ്ങി വിപുലമായ അനുബന്ധപരിപാടികളും ഉണ്ടാകും.
സംഘാടകസമിതി രൂപവത്ക്കരണയോഗത്തിൽ കോളേജ് കെ. കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ബി. രമേശ് എക്സിബിഷന്റെ പ്രാധാന്യവും സവിശേഷതകളും വിവരിച്ചു. വി. കെ. നന്ദനൻ ബജറ്റും സംഘാടകസമിതിയുടെ കരടുനിർദ്ദേശവും അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. വി. ഉമാജ്യോതി, ഡോ. എസ്. രാജശേഖരൻ, സി. രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പരിഷത്ത് ജില്ലാസെക്രട്ടറി ജി. ഷിംജി സ്വാഗതവും ഡോ. ബിജു സിൽവാനോസ് നന്ദിയും പറഞ്ഞു.
