ഫെബ്രുവരി 1 ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും
കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ (കെ എസ് സി എസ് റ്റി ഇ ) നേതൃത്വത്തില്‍ 38-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നു. ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെ എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജിലാണ് സയന്‍സ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 1 ന് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും.
കാര്‍ഷികഭക്ഷ്യ ശാസ്ത്രം, ബയോടെക്നോളജി, പരിസ്ഥിതി ശാസ്ത്രം, ആരോഗ്യ ശാസ്ത്രം, ഭൗതിക ശാസ്ത്രം, എഞ്ചിനീയറിങും സാങ്കേതികവിദ്യയും, മത്സ്യബന്ധന-മൃഗസംരക്ഷണ ശാസ്ത്രം, ശാസ്ത്രീയ സാമൂഹിക ഉത്തരവാദിത്വം എന്നിവ ഉള്‍പ്പെടെ 13 വിഷയമേഖലകളിലായുള്ള സാങ്കേതിക സെഷനുകള്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കും.
സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായി ശാസ്ത്രവും സാങ്കേതികവിദ്യയും പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര പ്രദര്‍ശനവും സംഘടിപ്പിക്കും. ജനുവരി 30 മുതല്‍ ഫെബ്രുവരി രണ്ടുവരെ എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 165 സ്ഥാപനങ്ങളും സംഘടനകളും പങ്കെടുക്കും. ദേശീയ ഗവേഷണ സ്ഥാപനങ്ങള്‍, സംസ്ഥാന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, എന്‍ജിഒ കള്‍, ഇന്‍ക്യുബേറ്ററുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വിവിധ സംസ്ഥാന ശാസ്ത്ര കൗണ്‍സിലുകള്‍ എന്നിവയുടെ വിപുലമായ പങ്കാളിത്തം പ്രദര്‍ശനത്തിന്റെ പ്രത്യേകതയായിരിക്കും. സമുദ്ര ശാസ്ത്രം, ബ്ലൂ ഇക്കണോമി, കാലാവസ്ഥാ മാറ്റം, ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലെ നവീന ഗവേഷണങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ട് പരിചയപ്പെടാന്‍ ദേശീയ ശാസ്ത്ര പ്രദര്‍ശനം വേദിയാകും.
പിജി വിദ്യാര്‍ത്ഥികളുമായുള്ള സംവേദന സെഷനുകള്‍, വാക്ക് വിത്ത് ദ സയന്റിസ്റ്റ്, പ്രാദേശിക പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയ പരിഹാരങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ ശാസ്ത്ര സാങ്കേതിക കൗണ്‍സിലുകള്‍ പങ്കെടുക്കുന്ന നാഷണല്‍ സയന്‍സ് മീറ്റ് തുടങ്ങിയ പ്രത്യേക പരിപാടികളും കോണ്‍ഗ്രസിന്റെ ഭാഗമായിരിക്കും. സയന്‍സ് കോണ്‍ഗ്രസിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ മെമ്മോറിയല്‍ ലക്ചര്‍ പരമ്പര ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ഡോ. ജി.എന്‍. രാമചന്ദ്രന്, ഡോ. പി. കെ. ഗോപാലകൃഷ്ണൻ, ഡോ. പി.കെ. അയ്യങ്കര്‍, ഡോ. പി.ആര്. പിഷാരടി, ഡോ. ഇ.കെ. ജാനകി അമ്മാള്‍, പ്രൊഫ. താനു പത്മനാഭന്, പ്രൊഫ. എം.എസ്. സ്വാമിനാഥന്, ഡോ. എം.എസ്. വല്ല്യത്താന്, പി.ടി. ഭാസ്കര പണിക്കര്‍ എന്നിങ്ങനെ ഇന്ത്യന്‍ ശാസ്ത്രരംഗത്തെ സമ്പന്നമാക്കിയ മഹത്തായ വ്യക്തിത്വങ്ങളെ പ്രശസ്ത്ര ശാസ്ത്രജ്ഞര്‍ അനുസ്മരിക്കും.
സയന്‍സ് കോണ്‍ഗ്രസിന്റെ ഫോകല്‍ തീമായ ഓഷ്യൻ സയൻസ് ഫോർ ബ്ലൂ എക്കണോമി ആൻ്റ് എക്കോ സിസ്റ്റം റീസ്റ്റോറേഷൻ ആസ്പദമാക്കി ഭൂവിജ്ഞാന മന്ത്രാലയ സെക്രട്ടറി ഡോ. എം. രവിചന്ദ്രന്‍, കേരള ഫീഷറീസ്-സമുദ്രപഠന സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എ. ബിജുകുമാര്‍ എന്നിവരുടെ പ്രത്യേക പ്രഭാഷണങ്ങളും നടക്കും.
ഉദ്ഘാടന സമ്മേളനത്തിൽ കേരള ശാസ്ത്ര പുരസ്കാരം, കേരള സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്കാരം, മികച്ച ശാസ്ത്രജ്ഞ പുരസ്കാരം, ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കേരള സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
സയന്‍സ് കോണ്‍ഗ്രസ് ചെയര്‍പേഴ്സണും ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടറും നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് സീനിയര്‍ വിസിറ്റിംഗ് പ്രൊഫസറുമായ പ്രൊഫ. പി.ബലറാം, ഐഎസ്ആര്‍ഒ ചെയര്‍മാനും ഡയറക്ടറുമായ ഡോ. വി. നാരായണന് ഉള്‍പ്പെടെ നിരവധി പ്രമുഖ ശാസ്ത്രജ്ഞരും നയരൂപകര്‍ത്താക്കളും ചടങ്ങിൽ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വ്യവസായ വിദഗ്ധര്‍ എന്നിവരടക്കം രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.
