ക്വാണ്ടം സയൻസിന്റെ വിസ്മയക്കാഴ്ചകളും വിശേഷങ്ങളുമായി ‘ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷൻ’ തിരുവനന്തപുരത്തേക്കും. 2025 നവംബർ 7-നു കൊച്ചി ശാസ്ത്രസാങ്കേതികസർവ്വകലാശാലയിൽ തുടങ്ങിയ എക്സിബിഷൻ വിവിധ ജില്ലകളിൽ പര്യടനം നടത്തി തലസ്ഥാനത്തു സമാപിക്കുകയാണ്. ഗവ. വിമൻസ് കോളെജിൽ ഫെബ്രുവരി 19 മുതൽ 26 വരെയാണു പ്രദർശനം. ക്വാണ്ടം ടോക്കുകളും മറ്റു ശാസ്ത്രപ്രഭാഷണങ്ങളും സെമിനാറുകളും വിദ്യാലയങ്ങളിൽ ശാസ്ത്രാവതരണങ്ങളും പരീക്ഷണങ്ങളും ഒക്കെയായി ഒട്ടേറെ അനുബന്ധപരിപാടികളും ഉണ്ട്.
സ്കൂളുകൾക്കും വ്യക്തികൾക്കും എക്സിബിഷൻ കാണാൻ www.q.luca.co.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 75 സ്കൂളുകൾക്കാണ് അവസരം. ഓരോ സ്കൂളിൽനിന്നും നൂറുവരെ വിദ്യാർത്ഥികൾക്കു സൗകര്യം ഒരുക്കാനാകും. ഒഴിവുള്ള സ്ലോട്ടുകളിൽ ഇനിയും രജിസ്ട്രേഷന് അവസരമുണ്ട്.
ക്വാണ്ടം മെക്കാനിക്സ് പിറന്നിട്ടു നൂറ്റാണ്ടു തികയുന്ന വേളയിൽ ഐക്യരാഷ്ട്രസഭയുടെ 2025-നെ ക്വാണ്ടം സയൻസിന്റെയും സാങ്കേതികവിദ്യയുടെയും വർഷമായി ലോകമെമ്പാടും ആഘോഷിക്കാൻ ആഹ്വാനം ചെയ്യുകയുണ്ടായി. അതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യപരിഷത്തും അതിന്റെ സയൻസ് പോർട്ടൽ ലൂക്കയും ചേർന്ന് കേരളത്തിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ, സർവ്വകലാശാലകൾ എന്നിവയുടെ സഹകരണത്തോടെ കേരളത്തിലും 2025 തുടക്കം മുതൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. അതിൽ പ്രധാനപരിപാടിയായ ക്വാണ്ടം എക്സിബിഷൻ കുസാറ്റിലെ ശാസ്ത്രസമൂഹകേന്ദ്ര(സയൻസ് ഇൻ സൊസൈറ്റി C-SiS)വുമായി ചേർന്ന് ഒരുക്കിയതാണ്. യുനെസ്കോ ഈ എക്സിബിഷനെ വിലയിരുത്തിയത്, ലോകത്ത് 70-ൽപ്പരം രാജ്യങ്ങളിൽ നടക്കുന്ന ക്വാണ്ടം സെഞ്ചുറി പരിപാടികളിൽ പങ്കാളിത്തവും ജനകീയതയും കാലദൈർഘ്യവുംകൊണ്ടു വ്യത്യസ്തമാണെന്നാണ്.
ഭാവി ക്വാണ്ടം സയൻസിന്റേതാണ്. അതു പഠിക്കാതെ ഇനിയുള്ള തലമുറകൾക്കു മുന്നോട്ടുപോകാനാവില്ല. സൂക്ഷ്മലോകത്തെക്കുറിച്ച് ആഴത്തിൽ അറിയാനും അതുവഴി പല പ്രപഞ്ചരഹസ്യങ്ങളുടെയും ചുരുൾ അഴിക്കാനും വഴിതുറന്നത് ക്വാണ്ടം സയൻസാണ്. ക്വാണ്ടം മെക്കാനിക്സ് ക്വാണ്ടം രസതന്ത്രവും ക്വാണ്ടം ജീവശാസ്ത്രവും ക്വാണ്ടം കമ്പ്യൂട്ടിങ്ങുമൊക്കെയായി പടർന്നു വളർന്നിരിക്കുന്നു. ഈ വളർച്ച മനുഷ്യജീവിതത്തെത്തന്നെ മാറ്റിമറിക്കുന്ന ഒട്ടേറെ കണ്ടുപിടുത്തങ്ങളിലേക്കു നയിച്ചു.
വര്‍ണ്ണപ്പൊലിമയുള്ള, ഊര്ജ്ജലാഭമുള്ള എല്‍ഇഡി ലൈറ്റുകള്‍, സോളാര്‍ പാനലുകള്‍, ടെലിവിഷന്‍, അമോലെഡ് സെൽഫോൺ ഡിസ്പ്ലേ, കമ്പ്യൂട്ടറുകൾ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ചികിത്സാരംഗത്ത് ഉപയോഗിയ്ക്കുന്ന എംആര്‍ഐ, പിഇടി സ്കാനറുകള്‍, ലേസറുകള്‍, സ്ഥാനം നിര്‍ണയിക്കാന്‍ സഹായിക്കുന്ന ജിപിഎസ്, ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ്, പ്രപഞ്ചചരിത്രത്തെയും വികാസത്തെയും അറിയാനുള്ള അത്യാധുനിക ശാസ്ത്രീയോപകരണങ്ങള്‍, നാനോടെക്നോളജിയുത്പന്നങ്ങള്, ഇങ്ങനെ പോകുന്നു ആ പട്ടിക. ക്വാണ്ടം കമ്പ്യൂട്ടിങ്, ക്വാണ്ടം ക്രിപ്റ്റോഗ്രഫി, ക്വാണ്ടം ടെലിപോർട്ടേഷൻ, ക്വാണ്ടം സെൻസിങ് തുടങ്ങിയ പലതും വൈകാതെ യാഥാർത്ഥ്യമാകും. ഭാവിയുടെ സാങ്കേതികവിദ്യ എന്നാണു ക്വാണ്ടം സാങ്കേതികവിദ്യയെ വിശേഷിപ്പിക്കുന്നത്.
ശാസ്ത്രത്തിൽ പിടിതരാതെപോയ ഒട്ടനവധി സമസ്യകള്‍ക്കുള്ള മറുപടി ഈ ശാസ്ത്രശാഖ നല്കുന്നു. ഫോട്ടോസിന്തസിസ്, ദേശാടനപ്പക്ഷികള്‍ ദിക്കറിയുന്നത്, ഗന്ധം തിരിച്ചറിയുന്നത്, എന്‍സൈമുകള്‍ പ്രവര്‍ത്തിക്കുന്നത് തുടങ്ങി പല ചോദ്യങ്ങള്‍ക്കും സൂക്ഷ്മതലത്തില്‍ ഈ ശാസ്ത്രശാഖ ഉത്തരം നല്കുന്നു. 2025ലെ നൊബേല്‍ സമ്മാനമുള്‍പ്പെടെ ക്വാണ്ടം സയന്‍സുമായി ബന്ധപ്പെട്ട് നേരിട്ടോ അല്ലാതെയോ നല്കപ്പെട്ട നൊബേലുകള്‍ അനവധിയാണ്. ശാസ്ത്രത്തില്‍ ഇന്ത്യയ്ക്കു ലഭിച്ച ഏക നൊബേലും – സി. വി. രാമനു ലഭിച്ചത് – ക്വാണ്ടം സയന്‍സുമായി ബന്ധപ്പെട്ടാണ്.
സംസ്ഥാനത്തെ 50,000-ത്തോളം വിദ്യാർത്ഥികളും അദ്ധ്യാപകരും കാണുകയും അവരുടെയെല്ലാം മുക്തകണ്ഠമായ പ്രശംസ നേടുകയും ചെയ്ത ഈ പ്രദർശനത്തിൽ ഹൈസ്കൂൾ മുതൽ പഠിക്കുന്ന പീരിയോഡിക് ടേബിൾ, ആറ്റംഘടന, ഓർബിറ്റൽ തിയറി, സബ് ആറ്റോമിക് പാർട്ടിക്കിളുകൾ, സെമികണ്ടക്ടറുകൾ തുടങ്ങിയവയും ഫ്ലൂറസൻസ്, സൂപ്പർ ഫ്ലൂയിഡിറ്റി, സൂപ്പർ കണ്ടക്റ്റിവിറ്റി തുടങ്ങിയ ക്വാണ്ടം പ്രതിഭാസങ്ങളും സാങ്കേതികവിദ്യകളും ശാസ്ത്രജ്ഞരുടെ സംഭാവനകളുമെല്ലാം എക്സിബിറ്റുകളും മോഡലുകളുമായി അറിവു വിതറും. ഹൈസ്കൂൾവിദ്യാർത്ഥികൾക്കും സാധാരണക്കാർക്കുമെല്ലാം മനസിലാകുംവിധം ലളിതമായാണ് എല്ലാം അവതരിപ്പിക്കുന്നത്.
പീരിയോഡിക് ടേബിളിലെ ഒട്ടുമിക്ക മൂലകങ്ങളെയും സി. വി. രാമൻ കണ്ടെത്തിയ ‘രാമൻ പ്രഭാവ’വും ഉൾപ്പെടെ കാണാത്ത പലതും നേരിൽ കാണാം. ഹോളോഗ്രാം, സിമുലേഷനുകൾ, വെർച്വൽ റിയാലിറ്റി, ലേസർ, സ്ഫെറിക്കൽ പ്രൊജക്ഷൻ തുടങ്ങിയ ആധുനികസങ്കേതങ്ങളെല്ലാം ഉപയോഗപ്പെടുത്തിയാണു പ്രദർശനം. പരീക്ഷണങ്ങൾ, ഇൻസ്റ്റലേഷനുകൾ, മാതൃകകൾ, പാനലുകൾ, മത്സരങ്ങൾ ഒക്കെയുണ്ട്. പ്രദർശനദിവസങ്ങളിലും മുൻദിവസങ്ങളിലും ശാസ്ത്രപ്രഭാഷണങ്ങളും ചർച്ചകളും പുസ്തകപ്രകാശനങ്ങളും സയൻസ് മ്യൂസിക് ബാൻഡ് ഉൾപ്പെടെയുള്ള മറ്റ് അനുബന്ധപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ടി. കെ. രാധ, ബിബ ചൌധരി തുടങ്ങിയ ഇന്ത്യൻ വനിതാശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ആർട്ടിസ്റ്റ് ശ്രീജ പള്ളത്തിന്റെ ശില്പങ്ങൾ, ക്വാണ്ടം സയൻസിലെ ഇന്ത്യൻ സംഭാവനകൾ പരിചയപ്പെടുത്തുന്ന യദുനാഥ് ആർ.-ന്റെ പ്രത്യേക പെയിന്റിങ് പരമ്പര, ജസ്റ്റിൻ ജോസഫ് ഒരുക്കുന്ന ഐൻസ്റ്റൈനും മേരിക്യൂറിയും, തുടങ്ങിയ കലാസൃഷ്ടികളും പ്രദർശനത്തിന്റെ ഭാഗമാണ്. വിഖ്യാതശാസ്ത്രജ്ഞനായ ഷ്യോഡിംഗറുടെ ചിന്താപരീക്ഷണത്തിലെ പൂച്ചയാണു താരം. എല്ലാം മനോഹരമായ രൂപകല്പനയിൽ. കാര്യങ്ങൾ വിശദീകരിക്കാൻ പരിശീലനം നല്കിയ സയൻസ് കമ്മ്യൂണിക്കേറ്റർമാരും ഉണ്ട്.
ഒരു നൂറ്റാണ്ടുകൊണ്ടു ലോകത്തെയും പ്രപഞ്ചവിജ്ഞാനത്തെയും മാറ്റിമറിച്ച ക്വാണ്ടം സയൻസ് വിദ്യാർത്ഥികളെയും ജനങ്ങളെയും പരിചയപ്പെടുത്താൻ ഉദ്ദേശിച്ചുള്ള പ്രദർശനം കൊച്ചി ശാസ്ത്രസാങ്കേതികസർവ്വകലാശാലയിൽ നവംബർ 7-ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവാണ് ഉദ്ഘാടനം ചെയ്തത്.
