ക്വാണ്ടം സയൻസിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 19 മുതൽ 24 വരെ തിരുവനന്തപുരം ഗവ. വിമൻസ് കോളെജിൽ നടക്കുന്ന ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷൻ കാണാൻ വിദ്യാർത്ഥികൾക്കു സൗകര്യമൊരുക്കാനായി സ്കൂളുകൾക്കും കോളെജുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും സ്ലോട്ടുകൾ ബുക് ചെയ്യാനുള്ള സ്ഥാപനരജിസ്ട്രേഷൻ ആരംഭിച്ചു. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ചെയർപേഴ്സണായ സംഘാടകസമിതിയുടെ പ്രവർത്തകർ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ സന്ദർശിച്ച് എക്സിബിഷനെപ്പറ്റി വിശദീകരിക്കുകയും രജിസ്ട്രേഷനു സഹായിക്കുകയും ചെയ്യുന്ന പ്രവർത്തനത്തിനും തുടക്കമായി.
ഒരേസമയം 150 വിദ്യാർത്ഥികൾക്കാണു പ്രദർശനം കാണാൻ അവസരം. എക്സിബിഷനിലേക്കു പ്രവേശിക്കുംമുമ്പ് എക്സിബിഷനെയും ക്വാണ്ടം സയൻസിനെയും പറ്റിയുള്ള ലഘുവിവരണം നല്കും. സന്ദർശകരെ ചെറു ഗ്രൂപ്പുകളായാണ് സ്റ്റോളുകളിലൂടെ കടത്തിവിടുന്നത്. ഓരോ പ്രദർശനസാമഗ്രിയുടെയും സയൻസ് വിദഗ്ദ്ധരായ എക്സ്പ്ലെയിനേഴ്സ് വിശദീകരിക്കും.
ഒന്നര മണിക്കൂറിലേറെ കാണാനുള്ള എക്സിബിഷൻ പരമാവധി പ്രയോജനപ്പെടുമാറാണു ക്രമീകരണം. ഇതിനനുസൃതമായി നിശ്ചയിച്ചിട്ടുള്ള സ്ലോട്ടുകൾ ആദ്യമാദ്യം രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾക്കു തെരഞ്ഞെടുക്കാൻ അവസരമുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 75 സ്കൂളുകൾക്കാണ് അവസരം. ഓരോ സ്കൂളിൽനിന്നും നൂറുവരെ വിദ്യാർത്ഥികൾക്കു സൗകര്യം ഒരുക്കാനാകും.
കേരള ശാസ്ത്രസാഹിത്യപരിഷത്ത്, സയൻസ് പോർട്ടലായ ലൂക്ക, കൊച്ചി ശാസ്ത്രസാങ്കേതികവിദ്യാ സർവ്വകലാശാല എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന എക്സിബിഷനിലെ ഉള്ളടക്കങ്ങൾക്കു പുറമെ തിരുവനന്തപുരത്തെ എക്സിബിഷനിൽ ഗവ. വിമൻസ് കോളെജിലെ വിവിധ സയൻസ് വകുപ്പുകൾ ഒരുക്കുന്ന പ്രത്യേക എക്സിബിഷനും ഉണ്ട്. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും https://q.luca.co.in/register/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ https://q.luca.co.in/ എന്ന സൈറ്റിൽ. രജിസ്ട്രേഷൻ കാര്യങ്ങൾക്ക് 9446101269 (ബി. രമേഷ്), 7025990690 (ഡോ. റസീന എൻ. ആർ.), 9745308660 (ഡോ. കെ. ബീന) എന്നീ നമ്പരുകളിൽ വിളിക്കാം.
