കേരള ബാങ്കിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് 28.01.2026-ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ബാങ്ക് മാനേജ്മെന്റും ജീവനക്കാരുടെ പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ ധാരണയായി.
ശമ്പള പരിഷ്കരണത്തെ സംബന്ധിച്ച ഉത്തരവ് സർക്കാർ താമസംവിനാ പുറപ്പെടുവിക്കുമെന്ന് മന്ത്രി യോഗത്തെ അറിയിച്ചു. 01.04.2022ലെ അടിസ്ഥാന ശമ്പളത്തോടൊപ്പം 45% ഡിഎ മെർജ് ചെയ്ത് 7% വർദ്ധനവും ഒരു വർഷത്തെ സർവീസിൽ 0.50% വെയിറ്റേജ് (പരമാവധി 12%) നൽകി കൊണ്ടാണ് ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത്. ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക രണ്ടു ഗഡുക്കളായി ജീവനക്കാർക്ക് അനുവദിക്കുന്നതാണ്.
2017 ഏപ്രിൽ മുതൽ ബാങ്ക് സർവീസിൽ പ്രവേശിച്ച ജീവനക്കാർക്ക് കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൽ ഉണ്ടായ അനോമലിയും ഫുൾടൈം സ്വീപ്പർമാരുടെ ഫിക്സേഷൻ വിഷയവും പരിഹരിച്ച് ഉത്തരവ് ഉണ്ടാകും. മറ്റു വിഷയങ്ങൾ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ച് അനുഭാവപൂർവ്വമായി പരിഹരിക്കും.
28.01.2026-ന് ചേർന്ന യോഗത്തിൽ ബാങ്കിന്റെ പ്രസിഡന്റ് പി. മോഹനൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് ശ്രീ. ടി.വി. രാജേഷ്, എക്സിക്യൂട്ടീവ് ഡയറക്ടർ റോയ് എബ്രഹാം, HR ചീഫ് ജനറൽ മാനേജർ എ.ആർ. രാജേഷ്, HR ജനറൽ മാനേജർ ടി.കെ. റോയ് എന്നിവരും ജീവനക്കാരുടെ സംഘടന പ്രതിനിധികളും പങ്കെടുത്തു.
