ശ്രീനാരായണ ഗുരുദേവന്റെ സന്യാസ പരമ്പരയിലേക്ക് അമേരിക്കയിൽ നിന്നുള്ള ഉയർന്ന സൈനിക ഉദ്യോഗസ്ഥനും ജോൺ ഹോപ്ക്കിൻസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും 35 വർഷക്കാലം ലോകമാകെ ജംബോ ഫ്ലൈറ്റ് ഉൾപ്പെടെ വിമാനങ്ങൾ പറത്തിയിട്ടുമുള്ള പ്രൊഫ. ബ്രൂസ് റസ്സൽ തൻ്റെ ശിഷ്യ ആയിട്ടുള്ള എഡ്രിയാനൊപ്പം മുംബൈ നെറൂൾ ഗുരുദേവഗിരിയിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ വച്ച് സന്യാസ ദീക്ഷ സ്വീകരിച്ചു.
പ്രൊഫ.ബ്രൂസ് റസൽ സ്വാമി ബ്രഹ്മാനന്ദ എന്നും എഡ്രിയൻ സ്വാമിനി ചിന്മയിദേവി എന്നും നാമകരണം ചെയ്യപ്പെട്ടു. അമേരിക്കയിലെ ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക ആശ്രമ അധിപൻ സ്വാമി ഗുരുപ്രസാദ് ഇരുവർക്കും സന്യാസദീക്ഷ നൽകി.
ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ബോധിതീർത്ഥ, ശിവഗിരി ബ്രഹ്മവിദ്യാലയം ആചാര്യൻ സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി സംവിധാനന്ദ , സിംഗപ്പൂരിൽ നിന്നും രമണിസിദ്ധ മാതാജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക പ്രസിഡണ്ടും ആലുംമൂട്ടിൽ തറവാടിന്റെ കാരണവരുമായ ഡോ. ശിവദാസൻ മാധവൻ ചാന്നാർ, ശ്രീനാരായണ മന്ദിർ സമിതി , മുംബൈ ഭാരവാഹികളായ ഡോ. എം ഐ ദാമോദരൻ, ഒ കെ പ്രസാദ് , എസ് ചന്ദ്രബാബു , എൻ മോഹൻദാസ് എന്നിവർ സന്നിഹിതരായിരുന്നു.
