തിരുവനന്തപുരം : തീരദേശ മേഖലയിലെ സാധാരണക്കാർ ആശ്രയിക്കുന്ന വലിയതുറ തീരദേശ സ്പെഷ്യാലിറ്റി ആശുപത്രിയിലെ വാർഡുകളുടെ നവീകരണ പ്രവൃത്തികൾ 2 മാസത്തിനുള്ളിൽ പൂർത്തിയാക്കി കിടത്തി ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നഗരസഭാ സെക്രട്ടറിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിർദ്ദേശം നൽകി.
കിടത്തി ചികിത്സ നിർത്തലാക്കിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കോവിഡ് കാലത്തിനു മുമ്പുവരെ സ്ഥാപനത്തിൽ 24 മണിക്കൂറും കിടത്തി ചികിത്സ നൽകിയിരുന്നതായി ഉത്തരവിൽ പറഞ്ഞു. കഴിഞ്ഞ 5 വർഷം കൊണ്ടാണ് കിടത്തി ചികിത്സ നിർത്തലാക്കിയത്. ഇപ്പോൾ വാർഡുകളുടെ നവീകരണ പ്രവൃത്തികൾ നടക്കുന്നതായാണ് മനസിലാക്കുന്നത്. കിടത്തി ചികിത്സ അനന്തമായി വൈകിക്കുന്നത് നീതീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
കിടത്തി ചികിത്സയും 24 മണിക്കൂർ സേവനവും 2 മാസത്തിനുള്ളിൽ പുനരാരംഭിക്കണമെന്ന് കമ്മീഷൻ കഴിഞ്ഞ വർഷം ഏപ്രിൽ 8 ന് ഇടക്കാല ഉത്തരവ് നൽകിയിരുന്നു.
ആശുപത്രിയിൽ 24 മണിക്കൂറും ഒ.പി. സേവനം ലഭിക്കുന്നുണ്ടെന്ന് നഗരസഭാ സെക്രട്ടറിയും ജില്ലാ മെഡിക്കൽ ഓഫീസറും കമ്മീഷനെ അറിയിച്ചുമേൽക്കൂരയുടെ പണിയും വാർഡ് നവീകരണവും നടന്നു കഴിഞ്ഞാലുടൻ 24 മണിക്കൂറും കിടത്തി ചികിത്സ ആരംഭിക്കുമെന്ന് റിപ്പോർട്ടുകളിൽ പറഞ്ഞു.
15 ലക്ഷം രൂപ ഹെൽത്ത് ഗ്രാന്റായി ലഭിക്കേണ്ടതുണ്ടെന്നും 2025-26 സാമ്പത്തികവർഷത്തിൽ തുക ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറഞ്ഞു.
അനർട്ട് സ്ഥാപിച്ച സോളാർ പാനലുകൾ മാറ്റി നവീകരണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഡി.എം.ഒ. യുടെ റിപ്പോർട്ടിൽ പറഞ്ഞു. ആശുപത്രിയിലെ ചോർച്ച പരിഹരിക്കാനുള്ള നടപടികൾ നടന്നു വരികയാണ്.
ആശുപത്രിയിൽ ഡയഗനോസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിന് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന്റ് അനുവദിച്ചിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. എസ്. ജെറോം മിരാന്റ സമർപ്പിച്ച പരാതിയിലാണ് നടപടി.
