തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റിദ്ധാരണ പരത്തുന്ന പ്രചരണം ആണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ജനറല്‍ ആശുപത്രിയിലെ ഫാര്‍മസിയെ സംബന്ധിച്ച് വന്ന വാര്‍ത്ത തീര്‍ത്തും ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ളതാണ്. കെഎംസിഎല്‍ മുഖാന്തിരം ലഭിക്കുന്ന മരുന്നുകളാണ് ആശുപത്രിയില്‍ വിതരണം ചെയ്യുന്നത്. അതിനാല്‍ പ്രത്യേകം ഡ്രഗ് ലൈസന്‍സ് ആവശ്യമില്ല.
പാലിയേറ്റീവ് രോഗികള്‍ക്കായുള്ള മോര്‍ഫിന്‍ മരുന്നുകള്‍ വാങ്ങുന്നതിന് മാത്രമാണ് മോര്‍ഫിന്‍ ലൈസന്‍സ് ഉപയോഗിക്കുന്നത്. നിലവില്‍ ആശുപത്രിയില്‍ വിതരണം ചെയ്യുന്ന മോര്‍ഫിന്‍ ഗുളികകള്‍ കെ എം എസ് സി എല്‍ വഴി ലഭ്യമായിട്ടുള്ളതാണ്. ഡിസംബര്‍ വരെ ഉണ്ടായിരുന്ന മോര്‍ഫിന്‍ ലൈസന്‍സ് ഉടന്‍ പുതുക്കി ലഭ്യമാകും.
പേവിഷബാധയ്ക്കെതിരെയുള്ള വാക്സിന് സൂക്ഷിക്കുന്നതിനായി ഫാര്‍മസിയില്‍ വാക്ക് ഇന്‍ കൂളര്‍ ലഭ്യമാണ്. കൂടാതെ എല്ലാ റഫ്രിജറേറ്ററുകളിലും താപനില നിയന്ത്രിക്കുന്നതിനായി ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഉപയോഗത്തില്‍ ഇരിക്കുന്ന എല്ലാ റേഡിയോളജി ഉപകരണങ്ങള്‍ക്കും AERB ലൈസന്‍സ് 2030 വരെ ലഭിച്ചിട്ടുണ്ട്.
പഴക്കമുള്ള കെട്ടിടങ്ങളുടെ ന്യായവില നിര്‍ണയിക്കുന്നതിനായി തിരുവനന്തപുരം കോര്പ്പറേഷന്, പിഡബ്ല്യുഡി ബില്‍ഡിംഗ് വിഭാഗം എന്നിവരുമായി സഹകരിച്ച് പിസിബി ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഉപയോഗത്തിലുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും ഫയര്‍ സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് നിഷ്കര്‍ഷിക്കുന്ന തരത്തിലുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആശുപത്രിയുടെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മന്റ് പെര്മനെന്റ് രജിസ്ട്രേഷന് ലഭിക്കുന്നതിനായി ഉള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു.
എല്ലാദിവസവും നാല്പതോളം ശസ്ത്രക്രിയകള്‍ നടക്കുന്ന ഈ ആശുപത്രിയില്‍ പൂര്‍ണതോതിലുള്ള അണുനശീകരണ സംവിധാനം ലഭ്യമാണ്.
