കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനനഷ്ടക്കേസിൽ തുടർച്ചയായ രണ്ടാം തവണയും കോടതിയിൽ മറുപടി നൽകാതെ വിഡി സതീശൻ.
സ്വർണ പാളി വിവാദവുമായി ബന്ധപ്പെട്ട് വിഡി സതീശന് എതിരെ കടകംപള്ളി സുരേന്ദ്രൻ ഫയൽ ചെയ്ത ഹർജി സെക്കൻഡ് അഡീഷണൽ സബ് കോർട്ട് വഞ്ചിയൂർ കോടതി ആദ്യം പരിഗണിച്ച നവംബർ 20ന് മറുപടി ഫയൽ ചെയ്യാൻ സതീശൻ്റെ അഭിഭാഷകൻ സമയം നീട്ടി ചോദിച്ചിരുന്നു. തുടർന്നാണ് സമയം നീട്ടി നൽകിയതും ഹർജി ഇന്നത്തേക്ക് (നവംബർ 25) മാറ്റി വെച്ചതും.
എന്നാൽ ഇന്ന് വീണ്ടും സതീശൻ്റെ അഭിഭാഷകൻ മറുപടി ഫയൽ ചെയ്യാൻ സമയം ചോദിക്കുകയായിരുന്നു. തുടർന്ന് ഇനി ഒരിക്കൽ കൂടി സമയം നീട്ടി നൽകാൻ കഴിയില്ല എന്ന അറിയിപ്പോടെ ഹർജി ഡിസംബർ 1- ലേക്ക് മാറ്റി വെച്ചു.
