‘കൊള്ളവിലയ്ക്ക് പുറം വൈദ്യുതി വാങ്ങാം, പക്ഷേ സോളാര്‍ വേണ്ട’ എന്ന തലക്കെട്ടില്‍ പി. എച്ച്. സനൽകുമാറിന്റെ പേരിൽ കേരളകൗമുദി ദിനപത്രം 24.11.2025-ന് പ്രസിദ്ധീകരിച്ച വാര്‍ത്ത തികച്ചും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവും വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി. സ്വീകരിക്കുന്ന നിയമപരമായ നടപടിക്രമങ്ങളെക്കുറിച്ചുള്ള അജ്ഞതയിലൂന്നിയതുമാണെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനവും ദീര്‍ഘകാല കരാറുകൾ വഴി ലഭ്യമാകുന്ന വൈദ്യുതിയും കൂട്ടിച്ചേര്‍ത്താലും ആവശ്യകത നിറവേറ്റാനാകാതെ വരുന്ന സാഹചര്യത്തിലാണ് ഹ്രസ്വകാല കരാറുകൾ വഴി കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങുന്നത്. കേന്ദ്ര വൈദ്യുതി മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള ടെണ്ടർ നടപടിക്രമങ്ങൾ പൂര്‍ണ്ണമായി പാലിച്ചും മത്സരാധിഷ്ഠിത ടെണ്ടർ വിളിച്ചും തികച്ചും സുതാര്യമായാണ് കെ.എസ്.ഇ.ബി. ഹ്രസ്വകാല/ ദീർഘകാല കരാറുകളിൽ ഏർപ്പെടാറുള്ളത്. 2024-25 വര്‍ഷത്തില്‍ ആവശ്യമായിവന്ന വൈദ്യുതിയും ഇപ്രകാരം നടപടിക്രമങ്ങൾ പൂർണ്ണമായും പാലിച്ചാണ് വാങ്ങിയിട്ടുള്ളത്. ദിവസം മുഴുവൻ ലഭ്യമാകുന്ന വൈദ്യുതിക്കുവേണ്ടി നൽകേണ്ട പ്രതിയൂണിറ്റ് നിരക്കാണ് 4.34 രൂപ എന്നുള്ളത്. മാത്രമല്ല, 2025 – 26 വർഷം വാങ്ങിയ വൈദ്യുതിയുടെ വില മുന്‍ വര്‍ഷം വാങ്ങിയതിനേക്കാള്‍ കുറവാണെന്നും കെ.എസ്.ഇ.ബി. ചൂണ്ടിക്കാട്ടി.
ദിവസം മുഴുവൻ (24 മണിക്കൂറും) ലഭ്യമാകുന്ന വൈദ്യുതിയുടെ വില, പകൽ മാത്രം ലഭിക്കുന്ന സോളാർ വൈദ്യുതിയുടെ വിലയുമായി താരതമ്യം ചെയ്യുന്നത് യുക്തിരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. സോളാർ വൈദ്യുതി സുലഭമായ പകൽ സമയങ്ങളിൽ ഒരു യൂണിറ്റ് വൈദ്യുതിയുടെ നിരക്ക് വൈദ്യുതി കമ്പോളത്തിൽ പലപ്പോഴും ഒരു രൂപയിൽ താഴെയും, ഏറ്റവുമധികം സൗരോർജ്ജ ഉത്പാദനം നടക്കുന്ന സോളാർ പീക് സമയത്ത് പലപ്പോഴും 10 പൈസയോ അതിൽ താഴെയോ മാത്രവുമാണെന്നതാണ് മറ്റൊരു പ്രധാന വസ്തുത. കമ്പോളത്തിൽ വളരെ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകുന്ന സാഹചര്യം നിലവിലുള്ളപ്പോൾ വലിയ നഷ്ടം സഹിച്ചാണ് സോളാർ ഉത്പാദകർക്ക് യൂണിറ്റിന് 2.79 രൂപ നിരക്കിലുള്ള വില കെ.എസ്.ഇ.ബി. നല്കിക്കൊണ്ടിരിക്കുന്നത്. പകൽ സമയത്ത് ഉത്പാദിപ്പിച്ച് തത്സമയം ഉപയോഗിച്ചശേഷം ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതി തത്തുല്യമായ അളവിൽ രാത്രികാലങ്ങളിൽ ഉപയോഗിക്കാൻ ഉത്പാദകർക്ക് അവസരമുണ്ട്. ഇങ്ങനെ രാത്രികാലങ്ങളിലെയും ഉപയോഗം കഴിഞ്ഞ് മിച്ചമുള്ള വൈദ്യുതി ശേഖരിച്ച് തുടർ മാസങ്ങളിലെയും ഉപയോഗത്തിനുശേഷം അധികമുള്ളത് വാർഷികമായി കണക്കുകൂട്ടിയാണ് 2.79 രൂപ നിരക്കിൽ കെ.എസ്.ഇ.ബി. സോളാർ ഉത്പാദകർക്ക് നൽകുന്നത് എന്നത് വിസ്മരിച്ചുകൂടാ.
സോളാർ ഉത്പാദകർക്ക് ഇതിലും കൂടിയ നിരക്ക് നൽകുകയെന്നത് കെ.എസ്.ഇ.ബി. യുടെ സാമ്പത്തിക അടിത്തറ തകർക്കാനും സ്ഥാപനത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കാനും, കൂടാതെ മറ്റ് ഉപയോക്താക്കൾക്ക് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ട സാഹചര്യം സൃഷ്ടിക്കാനും മാത്രമേ സഹായിക്കൂ.
സോളാർ ഉത്പാദനം നിയന്ത്രണമില്ലാതെ വർദ്ധിച്ചതിന്റെ ഫലമായി ഉത്തരേന്ത്യയിൽ വൈദ്യുതി ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാൻ വേണ്ടി ഇ.എച്ച്.ടി. ഫീഡറുകൾ ഓഫ് ചെയ്ത് വെക്കേണ്ടിവരികയും സോളാർ നിലയങ്ങൾതന്നെ ഓഫ് ചെയ്യേണ്ടിവരികയും ചെയ്ത സാഹചര്യം ഇപ്പോൾ സംജാതമായിരിക്കുകയാണ്. വര്‍ദ്ധിച്ചു വരുന്ന സോളാർ വ്യാപനം ഇപ്പോള്‍ത്തന്നെ കെ.എസ്.ഇ.ബി.യുടെ എല്‍.ടി. ശൃംഖലയുടെ വോൾട്ടേജ് സ്ഥിരതയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി, കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കേന്ദ്ര ഊർജ്ജ മന്ത്രാലയം എന്നിവ പുറപ്പെടുവിക്കുന്ന ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് പൂർണ്ണമായും റെഗുലേറ്ററി ചട്ടക്കൂടിനുള്ളിലാണ് വൈദ്യുതിമേഖല പ്രവർത്തിക്കുന്നത് എന്ന സാമാന്യവസ്തുത മനസ്സിലാക്കാതെയുള്ള ഇത്തരം വിമർശനങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കി.
