പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ വാർത്താ സമ്മേളനം- ഡിസംബർ 30
ഇന്ത്യയിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുമ്പോൾ, കോൺഗ്രസ് ഇപ്പോൾ ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസികളായി മാറിയിരിക്കുകയാണ്.
ശശി തരൂരിനും ദിഗ് വിജയ് സിംഗിനും പിന്നാലെ ഇതാ സൽമാൻ ഖുർഷിദും ആർഎസ്എസിനെ വാഴ്ത്തിപ്പാടുന്നു. 1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെടുമ്പോൾ 17 ഭാഷ അറിയുന്ന പ്രധാനമന്ത്രി നരസിംഹറാവു മൗനം പാലിച്ചത് ആർക്ക് വേണ്ടിയായിരുന്നോ, അതേ മൗനവും വിധേയത്വവുമാണ് കോൺഗ്രസ് ഇന്നും തുടരുന്നത്.
ഇവിടെ കേരളത്തിലേക്ക് വന്നാൽ ചിത്രം കൂടുതൽ വ്യക്തമാണ്. ദേശീയതലത്തിൽ വാഴ്ത്തുപാട്ടാണെങ്കിൽ, കേരളത്തിൽ അത് കോൺഗ്രസ് – ബിജെപി സഖ്യത്തിന്റെ പ്രായോഗിക പരീക്ഷണമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം. കണക്കുകൾ കള്ളം പറയില്ലല്ലോ. ഒന്ന് രണ്ട് ഉദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാട്ടാം.
നൂലുവള്ളി വാർഡിൽ ബിജെപി ജയിച്ചപ്പോൾ കോൺഗ്രസിന് കിട്ടിയത് വെറും 44 വോട്ട്!
- കോരേച്ചാൽ വാർഡിൽ ബിജെപി ജയിച്ചപ്പോൾ കോൺഗ്രസിന് 58 വോട്ട്!
- മുരിക്കുങ്ങൽ വാർഡിൽ യുഡിഎഫ് ജയിച്ചപ്പോൾ ബിജെപി വാങ്ങിയത് വെറും 66 വോട്ട്.
ഇത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമല്ല, പച്ചയായ വോട്ട് കച്ചവടമാണ്. എൽഡിഎഫിനെ തോൽപ്പിക്കാൻ ആരുമായും വോട്ട് പങ്കിടാൻ കോൺഗ്രസിന് മടിയില്ല. എന്നിട്ടും 10 സീറ്റ് നേടി എൽഡിഎഫ് തന്നെ അവിടെ വലിയ ഒറ്റക്കക്ഷിയായി എന്നത് ഈ വർഗ്ഗീയ കൂട്ടുകെട്ടിനേറ്റ തിരിച്ചടിയാണ്.
മറ്റത്തൂർ പഞ്ചായത്തംഗം കെ.ആർ ഔസേഫിന്റെ വെളിപ്പെടുത്തൽ നിങ്ങൾ കേട്ടില്ലേ? തൃശ്ശൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബൂത്ത് പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ഡിസിസി നേതൃത്വം ആവശ്യപ്പെട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്. തൃശ്ശൂരിൽ ബിജെപി ജയിച്ചതും വോട്ട് വിഹിതം കൂടിയതും കോൺഗ്രസിന്റെ ഈ ‘അടപടലം’ വോട്ട് മറിക്കൽ കൊണ്ടാണ്. എന്നിട്ടും ബിജെപിയുമായി അധികാരം പങ്കിടുന്ന അംഗങ്ങളെ പുറത്താക്കാൻ കോൺഗ്രസ് തയ്യാറുണ്ടോ? ഇല്ല. കാരണം, ‘ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി’ എന്നതാണ് അവരുടെ മുദ്രാവാക്യം. 35 എംഎൽഎമാരുണ്ടായാൽ കേരളം ഭരിക്കുമെന്ന് ബിജെപി പറയുന്നത് ഈ കോൺഗ്രസുകാരെ വിലയ്ക്കെടുക്കാം എന്ന ധൈര്യം കൊണ്ടാണ്.
തിരുവനന്തപുരത്ത് വി.കെ പ്രശാന്ത് എംഎൽഎയുടെ ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗൺസിലർ ആവശ്യപ്പെടുമ്പോൾ, അതിന് കുടപിടിക്കുന്നത് കോൺഗ്രസ് നേതാക്കളായ കെ. മുരളീധരനും ശബരിനാഥനുമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുടെ ഏജന്റാണെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് ആർഎസ്എസ് അജണ്ടയാണ്. അത് മുരളീധരനെപ്പോലുള്ളവർ ഏറ്റെടുക്കുന്നത് ലജ്ജാകരമാണ്. മുരളീധരന്റെ കുടുംബമാണ് ഇപ്പോൾ ബിജെപിയിലേയ്ക്കുള്ള കോൺഗ്രസിന്റെ പാലം.
വിദ്യാഭ്യാസം
ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്കരണം ദേശീയ തലത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ കേരളത്തിൽ അത് പൂർത്തീകരണത്തിലേക്ക്
പോവുകയാണ്.
രണ്ടായിരത്തി ഇരുപത്തി രണ്ടിന് ശേഷം നിരന്തരമായി തന്നെ കേന്ദ്ര സർക്കാർ പാഠ്യപദ്ധതി പരിഷ്കരണ വേളയിൽ കേന്ദ്രത്തിന്റെ നയങ്ങൾ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ കേരളത്തിൽ ഒന്നു മുതൽ പത്ത് വരെയുള്ള അഞ്ഞൂറ്റി തൊണ്ണൂറ്റിയേഴ് ടൈറ്റിൽ പുസ്തകങ്ങളും ഈ വർഷം പുറത്തിറങ്ങാൻ പോകുന്ന
പരിഷ്കരിച്ച പതിനൊന്നാം ക്ലാസ്സിലെ മുപ്പത്തിയൊമ്പത് ടൈറ്റിൽ പാഠപുസ്തകങ്ങളും കേരളം രൂപീകരിച്ച കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഭാഗമായാണ് നിർമിക്കുന്നത്.
ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷത്തിലെ കുറച്ചു പാഠപുസ്തകങ്ങൾ എൻ.സി.ഇ.ആർ.ടി. യുടെ പാഠപുസ്തകങ്ങൾ നമ്മൾ കാലങ്ങളായി ഉപയോഗിച്ചു വരുന്നുണ്ട്. ഈ പുസ്തകങ്ങളിൽ ചരിത്രം, രാഷ്ട്രമീമാംസ, സമൂഹശാസ്ത്രം എന്നീ മൂന്ന് പുസ്തകങ്ങളിലാണ് വലിയ രീതിയിൽ കഴിഞ്ഞ കാലങ്ങളിൽ വെട്ടിമാറ്റൽ അല്ലെങ്കിൽ ഒഴിവാക്കൽ നടത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ മൂന്ന് പുസ്തകങ്ങൾ കൂടി കേരളം സ്വന്തം നിലയിൽ പ്രസിദ്ധീകരിക്കുവാനുള്ള
തയ്യാറെടുപ്പാണ് നടത്തി വരുന്നത്.
ഹയർ സെക്കണ്ടറി ഒന്നാം വർഷം പാഠപുസ്തകങ്ങൾ ജനുവരി അവസാനത്തിൽ പ്രകാശനം ചെയ്യും. മുപ്പത്തിയൊമ്പത് ടൈറ്റിലുകളിലായി ഏകദേശം നാല് ലക്ഷത്തോളം പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നയത്തെ കേരളം അക്കാദമികമായി തന്നെ ചെറുക്കും.
ഇതിനുള്ള അധിക ധനബാധ്യത സംസ്ഥാനത്ത് കണക്കിലെടുക്കുന്നില്ല. മതനിരപേക്ഷ, ശാസ്ത്രബോധമുള്ള, ജനാധിപത്യ ഉള്ളടക്കമുള്ള ഭരണ ഘടനയെ ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങൾ കേരളം നിലനിർത്തുകയും കൂട്ടിച്ചേർക്കുകയും ചെയ്യും.
വിവിധ പഠനങ്ങളും നടപടികളും
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ക്ലാസ് മുറികൾ കൂടുതൽ ജനാധിപത്യവൽക്കരിക്കുന്നതിനും നിലവിലുള്ള ക്ലാസ് റൂം സജ്ജീകരണങ്ങൾ മാറ്റി ബാക്ക് ബഞ്ച് ഒഴിവാക്കും എന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നത് നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ഘടനാ റിപ്പോർട്ട്, കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പഠന റിപ്പോർട്ട്, സ്കൂൾ മദ്ധ്യവേനൽ അവധി മാറ്റ നിർദ്ദേശം സംബന്ധിച്ച റിപ്പോർട്ട് എന്നിവ ജനുവരി 8-ാം തീയതി ചേരുന്ന കരിക്കുലം കമ്മിറ്റി യോഗം പരിഗണിക്കും.
