തിരുവനന്തപുരം:കുട്ടികളിലെ സ്വഭാവ വൈകല്യം.ചലന വൈഷമ്യങ്ങൾ, സംസാരബുദ്ധിമുട്ട്,ഓട്ടിസം,ഹൈപ്പർ അക്ടിവിറ്റി എന്നിവ ഉൾപ്പെടെ വളർച്ചാവൈകല്യങ്ങൾക്ക് ഫലപ്രദമെന്ന് ഇതിനകം തെളിഞ്ഞ ആയുർവേദ ചികിത്സാ പദ്ധതിയായ ‘സ്നേഹധാര’യുടെ പത്താം വാർഷികം ഫെബ്രുവരി 18ന് രാവിലെ 11ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പൂജപ്പുരയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്,ഭാരതീയ ചികിത്സാ വകുപ്പ്,ഗവ.ആയുർവേദ കോളെജ് എന്നിവയുടെ നേതൃത്വത്തിൽ ഗവ.ആയുർവേദ കോളെജിലെ ബാലചികിത്സാവിഭാഗത്തിനാണ് പദ്ധതിയുടെ നടത്തിപ്പ്.ദേശീയ,സംസ്ഥാന പുരസ്കാരങ്ങൾക്കർഹമായ ഈ ചികിത്സാ പദ്ധതിയിൽ ചികിത്സ സൌജന്യമാണ്.മരുന്നുകൾക്കു പുറമെ,സ്പീച്ച് തെറാപ്പി,ഫിസിയോ തെറാപ്പി,ബിഹേവിയർ തെറാപ്പി എന്നിവയും സൌജന്യമായതാണ് ലഭിക്കുന്നത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.പ്രിയദർശിനിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് ബി.പി മുരളി,ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.ടി.ഡി ശ്രീകുമാർ, ഐഎസ് എം ഡയറക്ടർ ഡോ.കെ.എസ് പ്രിയ,ഐഎസ് എം ഡിഎംഒ ഡോ.മിനി എസ് പൈ,ആയുർവേദ കോളെജ് പ്രിൻസിപ്പൽ ഡോ.വി.കെ സുനിത, ജനപ്രതിനിധികൾ,കോളജധികൃതർ എന്നിവർ പങ്കെടുക്കും.പദ്ധതി കോർഡിനേറ്റർ ഡോ.രോഷ്നി അനിരുദ്ധൻ ചികിത്സാവിവരണം നിർവഹിക്കും.തുടർന്ന് കുട്ടികൾക്കുള്ള പരിശീലന ക്യാമ്പും നടക്കും.
